സർവകലാശാലകളിൽ സംഘി- മാർക്‌സിസ്റ്റ് വൽക്കരണം,ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങൾ മറച്ചുവെക്കാനാണ് SFI സമരം: അടൂർ പ്രകാശ്

മാര്‍ക്‌സിസ്റ്റ് വല്‍ക്കരണം കാരണം വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നുവെന്ന് അടൂര്‍ പ്രകാശ്

കൊച്ചി: സര്‍വകലാശാലകളില്‍ സംഘി വല്‍ക്കരണവും മാര്‍ക്‌സിസ്റ്റ് വല്‍ക്കരണവുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ മറച്ച് വയ്ക്കാനാണ് സര്‍വകലാശാലകളിലെ എസ്എഫ്‌ഐ സമരമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍വകലാശാലകള്‍ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ക്‌സിസ്റ്റ് വല്‍ക്കരണം കാരണം വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴിഞ്ഞു കിടക്കുകയാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന മൂലമാണ് കോട്ടയം മെഡിക്കല്‍ കോളജിലെ മരണമുണ്ടായതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

യുഡിഎഫ് 100 സീറ്റോടെ അധികാരത്തില്‍ വരും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ഊര്‍ജം പകരുന്നതാണെന്നും ടീം യുഡിഎഫിന്റെ വിജയമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ മാനദണ്ഡമനുസരിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. സര്‍ക്കാര്‍ ഇതുവരെ വോട്ടേഴ്‌സ് ലിസ്റ്റ് പുറത്ത് വിടുന്നില്ല. വോട്ടേഴ്‌സ് ലിസ്റ്റിലെ അവ്യക്തത മാറ്റണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ടീം യുഡിഎഫിന്റെ യൂണിറ്റി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

23ന് എല്ലാ ജില്ലകളിലും യുഡിഎഫിന്റെ പ്രതിഷേധ സംഗമം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യ- വിദ്യാഭ്യാസ രംഗത്തെ ആശങ്കകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഹെല്‍ത്ത് കോണ്‍ക്ലേവും എജ്യൂക്കേഷന്‍ കോണ്‍ക്ലേവും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Adoor Prakash against SFI on University protest

To advertise here,contact us