'ജാനകിക്ക് സീതയുമായി ബന്ധമില്ലെന്ന് ഹൈക്കോടതി'; ജെഎസ്കെ വിഷയത്തിൽ വാദം തുടരുന്നു

ഡിജിറ്റല്‍ കാലത്ത് പേര് മാറ്റുന്നത് എളുപ്പം സാധ്യമാകുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം

കൊച്ചി: ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള (ജെഎസ്‌കെ) സിനിമയില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് നിര്‍മ്മാതാക്കള്‍. സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ ഒന്ന് അംഗീകരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. കോടതി രംഗത്തില്‍ പേര് പറയുന്ന രംഗം മ്യൂട്ട് ചെയ്യാമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. എന്നാല്‍ സബ്ടൈറ്റിലില്‍ പേര് മാറ്റുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ടീസര്‍ നേരത്തെ അംഗീകരിച്ചതാണ്. പ്രിന്റ് പ്രദര്‍ശനത്തിന് തയ്യാറായെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഡിജിറ്റല്‍ കാലത്ത് പേര് മാറ്റുന്നത് എളുപ്പം സാധ്യമാകുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം. പദ്മാവതി സിനിമയുടെ പേര് പദ്മാവത് എന്ന് മാറ്റിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. എന്നാല്‍ കലാപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിഷയം മെറിറ്റില്‍ പരിശോധിച്ച് വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാനകിക്ക് മതപരമായ ബന്ധമില്ലെന്ന് പ്രേക്ഷകരെ അറിയിച്ചാല്‍ മതിയോ എന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ജാനകിക്ക് സീതയുമായി ബന്ധമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തില്‍ സെന്‍സര്‍ ബോര്‍ഡും നിര്‍മ്മാതാക്കളും മറുപടി നല്‍കണം. മൂന്ന് മണിക്ക് വീണ്ടും ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

Content Highlights: JSK controversy High court says there is no relation between Janaki and Seetha

To advertise here,contact us