NDF നെതിരായ മുൻ MLAയുടെ പരാമർശത്തെ മുസ്‌ലിങ്ങൾക്കെതിരാക്കി ചിത്രീകരിച്ചു; സി ദാവൂദിനെതിരെ സോഷ്യൽ മീഡിയ

'സിപിഎം പ്രൊപഗൻഡ മെഷിനറി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ യാഥാർഥ്യം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് വസ്തുതാ വിരുദ്ധമായ രീതിയിൽ സി ദാവൂദ് കാര്യങ്ങളെ അവതരിപ്പിച്ചത്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും മീഡിയ വൺ മാനേജിംഗ് എഡിറ്ററുമായ സി ദാവൂദിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻരൂപമായിരുന്ന എൻഡിഎഫിനെതിരെ, വണ്ടൂർ മുൻ എംഎൽഎ, എൻ കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിലെ പരാമർശങ്ങളെ മുസ്ലിങ്ങൾക്കെതിരായ പരാമർശമായി അവതരിപ്പിച്ചതിലാണ് പ്രതിഷേധം. MediaOne TV Live യൂട്യൂബ് ചാനലിൽ 'സിപിഎം പ്രൊപഗൻഡ മെഷിനറി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ യാഥാർഥ്യം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് വസ്തുതാ വിരുദ്ധമായ രീതിയിൽ സി ദാവൂദ് കാര്യങ്ങളെ അവതരിപ്പിച്ചത്.

ബിജെപി നേതാക്കൾ പോലും തോൽക്കുന്ന വിധത്തിൽ സിപിഎം നേതാക്കൾ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുന്നു എന്ന വിധത്തിലായിരുന്നു സി ദാവൂദിന്റെ പരാമർശം. '1996 മുതൽ 2001 വരെ എൻ കണ്ണൻ എന്ന സിപിഎം നേതാവാണ് വണ്ടൂർ മണ്ഡലത്തെ അസംബ്ലിയിൽ പ്രതിനിധീകരിച്ചത്. 1993 മാർച്ച് 23 ന് അദ്ദേഹം കേരള അസംബ്ലിയിൽ മലപ്പുറം ജില്ലയിലെ താലിബാൻവത്കരണത്തെക്കുറിച്ച് ഒരു സബ്മിഷമൻ ഉന്നയിക്കുകയുണ്ടായി. ആ സബ്മിഷനിൽ പറഞ്ഞ ഒരു കാര്യം ഇതാണ്. 'ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിച്ചിരിക്കുന്ന നക്ഷത്രവിളക്കുകൾ, മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല, ശബരിമലയ്ക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല എന്നുള്ള ശാസനയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച പ്രസ്താവനയായിരുന്നു ഇത്. മലപ്പുറത്ത് ഹിന്ദുക്കൾക്ക് പച്ചവെള്ളം കിട്ടില്ല എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന വന്നത് 2025 ൽ മാത്രമാണെന്ന് നാം ഓർക്കണം. കെ സുരേന്ദ്രനും മുന്നേ പറന്ന പക്ഷിയാണ് എൻ കണ്ണൻ', ഇങ്ങനെയായിരുന്നു സി ദാവൂദ് വീഡിയോയിൽ പറഞ്ഞത്.

എന്നാൽ, എൻ കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷൻ ഇങ്ങനെയായിരുന്നു.

'ശ്രീ എൻ കണ്ണൻ: സർ, മലപ്പുറം ജില്ലയിൽ അടുത്ത കാലത്തായി വളർന്നുവന്ന തീവ്രവാദ വർഗീയ സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സഭയുടെ ശ്രദ്ധ ഞാൻ ക്ഷണിക്കുന്നത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ കുറച്ചുകാലമായി ശക്തിപ്പെട്ടുവരുന്ന തീവ്രവാദ വർഗീയ സംഘടനകളുടെ പ്രവർത്തന ഫലമായി പതിറ്റാണ്ടുകളായി സൗഹാർദമായി ജീവിച്ചുകൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തിൽ വലിയ പ്രയാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി നാസറും തസ്ലീനഭായിയുമായി സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹം സംബന്ധിച്ച് സാക്ഷി പറഞ്ഞ ജബ്ബാർ, ഫൗസിയ എന്നീ ദമ്പതികളെ കൊലപ്പെടുത്തുമെന്ന് തീവ്രവാദി സംഘടനകൾ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. NDF എന്ന തീവ്രവാദി സംഘടനയാണ് ഇതിന്റെ പിറകിൽ എന്നാണ് പറയുന്നത്.

അടുത്ത കാലത്തായി മലപ്പുറം ജില്ലയിൽ തന്നെ അനാശ്യാസ പ്രവർത്തനം നടത്തി എന്നുപറയുന്ന രണ്ട് സ്ത്രീകളെ പിടിച്ച് മൊട്ടയടിപ്പിച്ച് അവർക്ക് ഭീഷണി ഉയർത്തിയിരിക്കുകയാണ്. ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിച്ചിരിക്കുന്ന നക്ഷത്രവിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല, ശബരിമലയ്ക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല എന്നുള്ള ശാസനയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ആ രൂപത്തിൽ സൗഹാർദപരമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളേയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പരിശ്രമമാണ് അവരുടെ ഭാഗത്ത് നിന്നും നടന്നുകൊണ്ടിരിക്കുന്നത്. അവിടെ ഹിന്ദു വർഗീയ പാർട്ടികളുടെ പ്രവർത്തനം കഴിഞ്ഞ കാലത്ത് നിന്നും വ്യത്യസ്തമായിക്കൊണ്ട് വളരെ വ്യാപകമായി ആ മേഖലയിൽ വന്നുകൊണ്ടിരിക്കുന്നു.'

ഇത്തരത്തിൽ NDF അടക്കമുള്ള വർഗീയ സംഘടനകൾ സൃഷ്ടിക്കുന്ന സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു എൻ കണ്ണൻ സബ്മിഷൻ ഉന്നയിച്ചത്. ഹിന്ദു വർഗീയ പാർട്ടികളെക്കുറിച്ചും എൻ കണ്ണൻ പ്രതിപാദിച്ചിട്ടുണ്ട്. സബ്മിഷനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അക്കാലത്ത് തന്നെ NDF ന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയിലുള്ള വിമർശനങ്ങളുമായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ അക്കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എംഎൽഎ എന്ന നിലയിൽ ഇക്കാര്യം ഗൗരവമായി അവതരപ്പിച്ച എൻ കണ്ണനെ പതിറ്റാണ്ടുകൾക്കിപ്പുറം മുസ്ലിം സമൂഹത്തിനെതിരായി പ്രവർത്തിച്ച ആളായി ചിത്രീകരിക്കുകയാണ് സി ദാവൂദ് ചെയ്തിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ അടക്കമുള്ള തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകൾക്കെതിരായ വിമർശനങ്ങളെ മുസ്ലിങ്ങൾക്കെതിരായി അവതരിപ്പിക്കുന്നു എന്ന ആരോപണം നേരത്തെയും സി ദാവൂദിനെതിരെയുണ്ട്. എല്ലാ പൊതുവിഷയങ്ങളെയും നിരന്തരം വർഗീയ വത്കരിക്കുന്ന സി സാവൂദിന് നേരെ കേസെടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രൊഫൈലുകൾ ആവശ്യപ്പെടുന്നത്.

Content Highlights: Former MLA's remarks against NDF portrayed as anti-Muslim Social media slams C Dawood

To advertise here,contact us