കെഎസ്ആര്‍ടിസി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കും; ഗതാഗതമന്ത്രിയെ തള്ളി യൂണിയനുകള്‍

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്

ആലപ്പുഴ: നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നും ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം.

'ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. ജീവനക്കാരുടെ ആരോഗ്യപ്രശ്‌നങ്ങളെല്ലാം പരിഗണിച്ചു. അവര്‍ക്ക് ഒരു അസംതൃപ്തിയുമില്ല. കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണ്. പണിമുടക്കില്‍ നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് വിശ്വാസം. സമരം ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല കെഎസ്ആര്‍ടിസിക്കുള്ളത്', എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് സംയുക്തമായി പണിമുടക്കുന്നത്. നാളെയാണ് അഖിലേന്ത്യാ പണിമുടക്ക്. വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് യൂണിയനുകള്‍ പറയുന്നത്. യൂണിയനുകള്‍ മുന്നോട്ടുവെച്ച 17 ഇന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Content Highlights: Unions reject K B Ganesh Kumar s statement on all India strike

To advertise here,contact us