നിർമ്മിച്ച് നൽകിയ അങ്കണവാടി കെട്ടിടത്തിലാകെ വിള്ളലുകൾ; കോൺഗ്രസ് നേതാവ് സത്യനേശനെതിരെ വീണ്ടും ആരോപണം

കുട്ടികൾ വേറെ വാടക കെട്ടിടത്തിലാണ് ഇപ്പോഴുള്ളത്

തിരുവനന്തപുരം: ദളിത് സ്ത്രീയെ വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞുപറ്റിച്ച വെള്ളനാട് മുൻ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ സത്യനേശനെതിരെ കൂടുതൽ ആരോപങ്ങൾ. പഞ്ചായത്ത് മെമ്പർ ആയിരിക്കെ സത്യനേശൻ മുൻകൈ എടുത്തുനിർമ്മിച്ച അങ്കണവാടി അത്യന്തം മോശം അവസ്ഥയിലാണ്. കെട്ടിടത്തിൻ്റെ അടിത്തറ പൊട്ടിയും ചുവർ വിണ്ടുകീറിയും അങ്കണവാടി കെട്ടിടം പൂർണമായും ഉപയോഗശൂന്യമായിരിക്കുകയാണ്. 17 ലക്ഷം ചിലവഴിച്ച് നിർമിച്ച, വെള്ളനാട് ചക്കിപ്പറയിൽ സ്ഥിതി ചെയ്യുന്ന ഈ അങ്കണവാടി ഒരു കൊല്ലം പോലും പ്രവർത്തിച്ചിരുന്നില്ല. കുട്ടികൾ വേറെ വാടക കെട്ടിടത്തിലാണ് ഇപ്പോഴുള്ളത്.

അങ്കണവാടിയുടെ ചുമരടക്കം വിള്ളൽ വന്ന അവസ്ഥയിലാണുള്ളത്. കെട്ടിടത്തിന്റെ അടിത്തറയിൽ അടക്കം വിള്ളലുണ്ട് എന്നതാണ് ഏറെ ഗുരുതരമായ കാര്യം. ഇവ മറയ്ക്കാൻ ഇവിടം സിമന്റ് തേച്ചിരിക്കുകയാണ്. കെട്ടിടം സുരക്ഷിതമല്ലെന്നും കുട്ടികളെ മാറ്റണമെന്നും പഞ്ചായത്തിലെ എൻജിനീയർമാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു വാടകക്കെട്ടിടം കണ്ടെത്തി കുട്ടികളെ അതിലേക്ക് മാറ്റിയത്.

2018 കാലത്താണ് ഈ അങ്കണവാടി പ്രവർത്തനമാരംഭിച്ചത്. സത്യനേശന് ശേഷം വന്ന പഞ്ചായത്തംഗമായ സുനിതയാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ പഞ്ചായത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഈ അങ്കണവാടി പൊളിച്ചുകളഞ്ഞ് വേറെ കെട്ടിടം നിർമിക്കാനാണ് പഞ്ചായത്ത് ഓവർസിയർ അടക്കം പറഞ്ഞത് എന്നും അന്വേഷണം നടത്തണമെന്നും സുനിത റിപ്പാർട്ടറിനോട് പറഞ്ഞു.

നേരത്തെ വെള്ളനാട് പഞ്ചായത്തിൽ തന്നെയുളള ഒരു ദളിത് സ്ത്രീയെ വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞ് സത്യനേശൻ പറ്റിച്ചിരുന്നു. പിഎംഎവൈ പദ്ധതി പ്രകാരം കിട്ടിയ നാലുലക്ഷം രൂപയിലധികം കോണ്‍ഗ്രസ് പ്രാദേശിക നേതാവും മുന്‍ പഞ്ചായത്തംഗവുമായ സത്യനേശന്‍ തട്ടിയെടുത്തുവെന്നാണ് പ്രശാന്തി എന്ന വീട്ടമ്മയുടെ പരാതി. വീടിന്റെ പണി ചെയ്തുതരാമെന്ന് പറഞ്ഞ് പലപ്പോഴായി സത്യനേശൻ 4,59,000 രൂപ വാങ്ങിയെന്നും വീട് താമസയോഗ്യമല്ലാതാക്കി മാറ്റിയെന്നും പ്രശാന്തി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ സത്യനേശൻ നിഷേധിക്കുകയും ചെയ്തിരുന്നു.

Content Highlights: More accusations against congress leader satyaneshan on buildings

To advertise here,contact us