'സജി ചെറിയാന്‍ സത്യം പറയുന്നയാളാണ്': ആരോഗ്യമേഖലയെ തകര്‍ക്കുന്നത് സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല

സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറും രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: തന്റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാന്‍ സത്യം പറയുന്ന ആളാണെന്നും അദ്ദേഹം മനസില്‍ ഒന്നുവെച്ച് പുറത്ത് മറ്റൊന്ന് പറയുന്ന ആളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'സജി ചെറിയാന്‍ ഉളള കാര്യം അതുപോലെ തുറന്നുപറയുന്ന ആളാണ്. ഞങ്ങളുടെ നാട്ടുകാരനാണ്. എനിക്ക് വലിയ ഇഷ്ടമുളള ആളാണ്'- രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യ മേഖലയെ തകര്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും സ്വകാര്യ കുത്തകകള്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്ത് സര്‍ക്കാര്‍ സ്വകാര്യ കുത്തകകള്‍ക്ക് സഹായം ചെയ്യുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സജി ചെറിയാന്‍ ആരോഗ്യവകുപ്പിനെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ താന്‍ മരിക്കുമെന്നായപ്പോഴാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 'സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും സാധാരണക്കാരുമൊക്കെ പോകും. ഞാന്‍ പോയത് മെഡിക്കല്‍ കോളേജിലേക്കാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. 2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് പോയത്. ആ ചികിത്സ കൊണ്ട് മരിക്കുമെന്ന സാഹചര്യമായപ്പോള്‍ എന്നെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. അവിടെ ചെന്ന് 14 ദിവസം ബോധമില്ലായിരുന്നു. ഞാന്‍ രക്ഷപ്പെട്ടു'- എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ചികിത്സ ലഭിക്കാനായി ഏത് ആശുപത്രിയില്‍ വേണമെങ്കിലും പോകാമെന്നും സ്വകാര്യ മേഖലയില്‍ കൂടുതല്‍ ടെക്‌നോളജിയുളള ആശുപത്രികളുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

സ്വകാര്യ അശുപത്രിയിൽ ചികിത്സച്ചത് കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്നാണ് വിവരം.  മന്ത്രിയുടെ പ്രസ്താവന അനാവശ്യമെന്നും പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കി എന്നും നേതൃത്വം വിലയിരുത്തി.

അതേസമയം, സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രംഗത്തെത്തി. സജി ചെറിയാന്റെ സംസാരത്തില്‍ വിവാദം കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിൽ കിട്ടാത്ത സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലുണ്ടെന്നും അവയെ ആശ്രയിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

'അതില്‍ തെറ്റ് കാണേണ്ടതില്ല. ചെറിയ വീഴ്ചയുടെ പേരില്‍ മെഡിക്കല്‍ കോളേജുകളുടെ നന്മ കാണാതെ പോകരുത്. ഡെങ്കിപ്പനി വന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ആരോഗ്യമേഖല ഒരു ദിവസം കൊണ്ട് മെച്ചപ്പെടുത്താനാവില്ല. കൊറോണ കാലത്ത് ഞാനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മരണത്തോട് മല്ലടിച്ചാണ് കിടന്നത്. ജീവന്‍ തിരിച്ചു കിട്ടുമെന്ന് കരുതിയതല്ല. പ്രതിപക്ഷത്തിന് ശവപ്പെട്ടി കച്ചവടക്കാരന്റെ മനോഭാവമാണ്'- എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞു.

Content Highlights: government destroying the health sector: ramesh chennithala supports saji cheriyan

To advertise here,contact us