ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ, പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ തയ്യാറാകണം: വീണാ ജോർജ്

ആരോഗ്യ മേഖലയിലെ മാറ്റങ്ങളെ പറ്റി ജനങ്ങൾ തന്നെ സംസാരിച്ച് തുടങ്ങിയെന്നും വീണാ ജോർജ്

കോട്ടയം: സംസ്ഥാനത്ത് ഈ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളുണ്ടായ മേഖലയാണ് ആരോഗ്യ മേഖലയെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യ മേഖലയിലെ മാറ്റങ്ങളെ പറ്റി ജനങ്ങൾ തന്നെ സംസാരിച്ച് തുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായം ജനങ്ങൾ തന്നെ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ വസ്തുതാ വിരുദ്ധമായ രീതിയിൽ ബോധപൂര്‍വമായി ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷമാണെന്നും വീണാ ജോർജ്ജ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ തയ്യാറാവണമെന്നും തുറന്ന സംവാദത്തിലേക്ക് കടക്കണമെന്നും വീണാ ജോർജ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മെഡിക്കൽ കോളേജിലെ കെട്ടിടം വീണുണ്ടായ മരണത്തിൽ പ്രതികരിക്കവെയായിരുന്നു വീണാ ജോർജിൻ്റെ പ്രതികരണം.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

Content Highlights- 'Big changes in the health sector, opposition leader should be prepared to speak based on facts' Veena george

To advertise here,contact us