'സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ തയ്യാർ, അതിന് പണം മാറ്റി വെച്ചിട്ടുണ്ട്, ഇതിനിടെയാണ് പരാതി: സൗബിന്‍ ഷാഹിർ

സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്ത് വരുന്നത്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിൻ്റെ ഭാഗമായി നടന്‍ സൗബിന്‍ ഷാഹിര്‍ പൊലീസിന് മുന്നിൽ ഇന്നും ഹാജരായി. സൗബിന്‍ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ഇന്നലെയും ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നൽകാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നായിരുന്നു സൗബിൻ്റെ പ്രതികരണം . സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയാണ് ചോദ്യം ചെയ്ത് വരുന്നത്.

സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി. എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിര്‍മാതാക്കളുടെ വാദം.

Content Highlights- Actor Soubin Shahir appeared before the police today as part of questioning in the financial fraud case related to the movie Manjummal Boys.

To advertise here,contact us