'വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണം'

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവം ആണെന്നും മന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അക്രമാസക്തരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം ഇടപെട്ട് നിലയ്ക്ക് നിര്‍ത്തണമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരി തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതില്‍ മന്ത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയില്‍ വീണാ ജോര്‍ജിന്റെ വീട് ആക്രമിക്കാന്‍ ശ്രമം ഉണ്ടായെന്ന് ചൂണ്ടികാട്ടിയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

'കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവം ആണ്. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തോട് ഒപ്പമാണ്. ആരോഗ്യ മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും.ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു നീക്കവും കേരള സമൂഹം അംഗീകരിക്കില്ല' എന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം-

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോര്‍ജിന്റെ കുടുംബ വീട് ആക്രമിക്കാന്‍ ശ്രമം നടന്നു. തൊട്ടടുത്ത് ഒരു ക്യാന്‍സര്‍ രോഗി മരിച്ചു കിടക്കുമ്പോള്‍ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങള്‍ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താന്‍ ആണ് ശ്രമമെങ്കില്‍ പൊതുസമൂഹം അനുവദിക്കില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്.സംഭവത്തില്‍ സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തോട് ഒപ്പമാണ്. ആരോഗ്യ മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു.കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും.അക്രമാസക്തരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ്, യു ഡി എഫ് നേതൃത്വം ഇടപ്പെട്ട് നിലയ്ക്ക് നിര്‍ത്തണം. ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു നീക്കവും കേരള സമൂഹം അംഗീകരിക്കില്ല.

Content Highlights: V Sivankutty against youth Congress over Protest against Veena george

To advertise here,contact us