കേരള സര്‍വകലാശാലയിൽ നാടകീയ രംഗങ്ങൾ; രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് ഇടത് അംഗങ്ങൾ; ഇല്ലെന്ന് വി സി

കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസി തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം

തിരുവനന്തപുരം: കേരള സര്‍വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അവകാശപ്പെട്ടു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും ഡോ. സിസ തോമസ് പറഞ്ഞു.

'രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് 16 സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിര്‍ദേശപ്രകാരം പ്രത്യേക സിന്‍ഡിക്കേറ്റ് യോഗമാണ് ചേർന്നത്. കോടതി പരിഗണിക്കണനയിലുള്ള വിഷയം ആയതിനാല്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് അവരെ അറയിച്ചു. ശേഷം വി സി കൊടുത്ത റിപ്പോർട്ട് അടക്കം നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ അംഗങ്ങൾക്ക് കെെമാറി. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണ്. താന്‍ യോഗം പിരിച്ചുവിട്ട ശേഷവും ഇടത് അംഗങ്ങള്‍ യോഗം തുടരുന്നതില്‍ നിയമസാധുത ഇല്ല. അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത കാര്യം ചര്‍ച്ച ചെയ്യണം എന്ന ഇടത് സിൻഡിക്കേറ്റ് ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ല' എന്നും സിസ തോമസ് യോഗം പിരിച്ചുവിട്ട ശേഷം പ്രതികരിച്ചു.

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം തയ്യാറായിരുന്നില്ല. സംഭവത്തില്‍ പൊലീസും സര്‍വകലാശാലയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നിലപാട് സ്വീകരിച്ചത്. ഹർജി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പ്രത്യേക സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്തത്.

സര്‍വകലാശാലയില്‍ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി ഭാരതാംബയെ കാവിക്കൊടിയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞിരുന്നു. ഹൈക്കോടതി നടപടി വന്നതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തത്. വിഷയം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഷിജുഖാന്‍, അഡ്വ. ജി മുരളീധരന്‍, ഡോ നസീബ് എന്നിവര്‍ അടങ്ങിയ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

Content Highlights- Kerala university syndicate cancelled suspension of registrar k s anil kumar

To advertise here,contact us