'ചാനൽ ചർച്ചയിൽ തഹ്‌ലിയ സംസാരിക്കുന്നത് നിലവാരമില്ലാത്ത ഭാഷയിൽ'; റിപ്പോർട്ടർ ചർച്ചയിലെ പരാമർശത്തിനെതിരെ ശ്രീമതി

അറിവുണ്ടെന്ന് അഹങ്കരിച്ചിട്ട് കാര്യമില്ലെന്നും വിവേകം നാലയലത്ത് കൂടി പോയിട്ടില്ലെന്ന് വേണം കരുതാനെന്നും ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു

കണ്ണൂര്‍: യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ സിപിഐഎം നേതാവ് പി കെ ശ്രീമതി. ചാനല്‍ ചര്‍ച്ചയില്‍ ഫാത്തിമ തഹ്‌ലിയ സംസാരിക്കുന്നത് നിലവാരമില്ലാത്ത ഭാഷയിലാണെന്ന് ശ്രീമതി പറഞ്ഞു. അറിവുണ്ടെന്ന് അഹങ്കരിച്ചിട്ട് കാര്യമില്ലെന്നും വിവേകം നാലയലത്ത് കൂടി പോയിട്ടില്ലെന്ന് വേണം കരുതാനെന്നും ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. റിപ്പോര്‍ട്ടര്‍ ചാനലില്‍ 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്' എന്ന ചര്‍ച്ചയില്‍ സിപിഐഎം നേതാവ് എം പ്രകാശനോട് തഹ്‌ലിയ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ശ്രീമതിയുടെ പ്രതികരണം.

'ചാനലില്‍ ചര്‍ച്ച നടത്തുന്നവര്‍ പരസ്പരം മിനിമം ബഹുമാനം കാണിക്കുക എന്നത് സാമാന്യമര്യാദ മാത്രം. എന്നാല്‍ ഇന്ന് ഒരു ചാനലില്‍ യൂത്ത് ലീഗിന്റെ വനിതാനേതാവ് എതിര്‍ പാനലിസ്റ്റിലെ പ്രകാശന്‍ മാസ്റ്ററോട് നാണമില്ലേ എന്ന് നിരവധി തവണ ചോദിക്കുന്നത് കേട്ടു. പ്രായത്തെ ബഹുമാനിക്കണം എന്ന് പറയുന്നില്ല, എന്നാല്‍ തങ്ങളുടെ ഭാഗം വസ്തുതകള്‍ വെച്ച് ഓരോരുത്തരും വാദിക്കുമ്പോള്‍ എതിര്‍ പാനലിസ്റ്റിന് ഇഷ്ടപ്പെട്ടോളണം എന്നില്ല', പി കെ ശ്രീമതി പറഞ്ഞു. പ്രകാശന്‍ എത്രയോ വര്‍ഷമായി ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുന്നുവെന്നും ആരും ഇന്നുവരെ അദ്ദേഹത്തോട് ഈ രീതിയില്‍ നിലവാരമില്ലാത്ത ഭാഷയില്‍ ചോദ്യം ചെയ്യുന്നത് കണ്ടിട്ടില്ലെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധിക്കുന്നവര്‍ മരണവ്യാപാരികളോയെന്ന പേരില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തഹ്‌ലിയയുടെ പരാമര്‍ശം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കെട്ടിടം വീണപ്പോള്‍ തന്നെ മരിച്ചുവെന്നാണെന്നും അത് മന്ത്രിമാര്‍ പറഞ്ഞത് തെറ്റാണോയെന്നും ചര്‍ച്ചയില്‍ പ്രകാശന്‍ ചോദിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യം തന്നെയാണ് മന്ത്രിമാര്‍ പറഞ്ഞത്. മന്ത്രിമാര്‍ എന്തോ അന്യായം പറഞ്ഞെന്ന് പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. അവിടെയുണ്ടായ കെട്ടിടം തകര്‍ന്ന് വീണാണ് മരണം സംഭവിച്ചതെന്ന് എക്‌സിക്യൂട്ടീവ് എഡിറ്ററും പാനലിസ്റ്റുമായ സ്മൃതി പരുത്തിക്കാട് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു പ്രകാശന്റെ മറുപടി.

എന്നാല്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന സ്മൃതി പരുത്തിക്കാടിന്റെ ചോദ്യത്തിന് അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കാണോയെന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ സമയത്തായിരുന്നു പ്രകാശന് നാണമില്ലേയെന്ന് തഹ്‌ലിയ ചോദിച്ചത്.

വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.

14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. തകര്‍ന്ന ശുചിമുറിയുടെ ഭാഗം അടച്ചിട്ടതായിരുന്നുവെന്ന് അപകടം നടന്നയുടനേ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടം ഉപയോഗിച്ചിരുന്നതായി രോഗികളും വ്യക്തമാക്കിയിരുന്നു.

Content Highlights: PK Sreemathi against Fathima Thahiliya on Reporter debate

To advertise here,contact us