കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ സന്ദര്ശനത്തില് പ്രതീക്ഷയര്പ്പിച്ച് കോട്ടയം മെഡിക്കല് കോളേജില് കെട്ടിടം തകര്ന്നുവീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബം. മുന്നോട്ടുപോകണമെങ്കില് സര്ക്കാര് പിന്തുണ വേണമെന്ന് ബിന്ദുവിന്റെ ഭര്ത്താവ് വിശ്രുതന് പറഞ്ഞു. സഹായം നല്കുന്നതടക്കമുള്ള കാര്യങ്ങള് സംസാരിക്കുന്നതിനാണ് മന്ത്രി വരുന്നതെന്നാണ് മനസിലാക്കുന്നത്. തങ്ങള്ക്ക് പറയാനുള്ള കാര്യങ്ങളും മന്ത്രിയെ അറിയിക്കും. മന്ത്രി ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശ്രുതന് റിപ്പോര്ട്ടറിനോട് പറഞ്ഞു.
സര്ക്കാര് കൂടെയുണ്ടാകും എന്ന് മന്ത്രി വി എന് വാസവന് പറഞ്ഞിരുന്നുവെന്നും വിശ്രുതന് പറഞ്ഞു. മകള് നവമിയുടെ ശസ്ത്രക്രിയയാണ് പ്രധാനം. അതിന് എല്ലാ സഹായവും ചെയ്തുനല്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ചടങ്ങുകള്ക്ക് ശേഷം മകളെ ആശുപത്രിയില് അഡ്മിറ്റ് ചെയ്യാനാണ് തീരുമാനമെന്നും വിശ്രുതന് പറഞ്ഞു. മന്ത്രി വരുമ്പോള് സഹായം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും പറഞ്ഞു. നഷ്ടമായത് വീടിന്റെ അത്താണിയെയാണ്. കൊച്ചുമകള് നവമിയുടെ ചികിത്സാ ചെലവും കടബാധ്യതയും സര്ക്കാര് ഏറ്റെടുക്കണം. നവനീതിന് താത്ക്കാലിക ജോലി ലഭിച്ചിട്ട് കാര്യമില്ല. സര്ക്കാര് സ്ഥിരം ജോലി നല്കണം. കുടുംബം മുന്നോട്ട് പോകാന് സര്ക്കാര് സഹായിക്കണമെന്നും സീതാലക്ഷ്മി പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് കെട്ടിടം തകര്ന്നുവീണ് ബിന്ദു മരിക്കുന്നത്. മകള് നവമിയുടെ ചികിത്സയ്ക്കായി ആശുപത്രിയില് എത്തിയതായിരുന്നു ബിന്ദു. സര്ജിക്കല് വാര്ഡിലായിരുന്നു നവമിയെ അഡ്മിറ്റ് ചെയ്തിരുന്നത്. സംഭവ ദിവസം രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില് പോയതായിരുന്നു ബിന്ദു. ഇതിനിടെ ശുചിമുറിയുടെ ഭാഗം തകര്ന്നുവീഴുകയായിരുന്നു. സംഭവം നടന്ന ഉടന് മന്ത്രി വി എന് വാസവനും പിന്നാലെ മന്ത്രി വീണാ ജോര്ജും സ്ഥലത്തെത്തി. രണ്ട് പേര്ക്ക് പരിക്ക് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. മന്ത്രി വി എന് വാസവന്റെ നിര്ദേശപ്രകാരം ജെസിബി എത്തിച്ച് നടത്തിയ തെരച്ചിലിലാണ് ബിന്ദുവിനെ കണ്ടെത്തുന്നത്. ഉടന് തന്നെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ രക്ഷാപ്രവര്ത്തനം വൈകിയതായി ആരോപണം ഉയര്ന്നിരുന്നു. ജെസിബി എത്തിക്കാന് തടസ്സം നേരിട്ടതാണ് രക്ഷാപ്രവര്ത്തനം വൈകാന് കാരണമായതെന്നായിരുന്നു സര്ക്കാര് വൃത്തങ്ങളുടെ വിശദീകരണം.
സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്ജിനെതിരെ വ്യാപക വിമര്ശനമായിരുന്നു ഉയര്ന്നത്. വിവിധയിടങ്ങളില് മന്ത്രിക്കെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണെന്നും കുടുംബത്തോടൊപ്പം സര്ക്കാര് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ബിന്ദുവിന്റെ കുടുംബാംഗങ്ങള്ക്ക് ഉചിതമായ സഹായം നല്കുമെന്നും ആരോഗ്യമേഖലയെ കൂടുതല് കരുത്തോടെ സര്ക്കാര് മുന്നോട്ടു കൊണ്ടുപോകുമെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
Content Highlights- Kottaym Medical College Incident: Will expresct help from government says husband of bindu