കോട്ടയം അപകടം: വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം; ആരോഗ്യ മന്ത്രി ഇന്ന് ബിന്ദുവിന്റെ വീട്ടിലെത്തും

ചൊവ്വാഴ്ച്ച താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരി തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്‍റെ മരണത്തിൽ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. ഇന്ന് സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. തിരുവനന്തപുരത്തെ പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാര്‍ച്ച് നടത്തുക.

ചൊവ്വാഴ്ച്ച താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഇന്നലെ യൂത്ത് ലീഗ്, ആര്‍ വൈ എഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കുമ്പോഴും മൗനം തുടരുകയാണ് മന്ത്രി വീണാ ജോര്‍ജ്.

അതിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തും. പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ബിന്ദുവിന്‍റെ മരണത്തിൽ സ്വമേധയാ രജിസ്റ്റർ ചെയത കേസില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ജൂലൈ 26ന് രാവിലെ 11 ന് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

To advertise here,contact us