പൊതുജനാരോഗ്യമേഖലയെ താറടിക്കാനുളള മരണവ്യാപാരികളുടെ ആഭാസനൃത്തം കേരളം നിരാകരിക്കും: ദേശാഭിമാനി എഡിറ്റോറിയല്‍

ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ വരെ സൗജന്യമായി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രികളാണ് കേരളത്തിലുളളതെന്ന വസ്തുത മറച്ചുവെച്ചാണ് ദുഷ്പ്രചാരണങ്ങളെന്നും എഡിറ്റോറിയലിൽ പറയുന്നു

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വൈക്കം തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി നടത്തുന്ന പ്രചാരണാഘോഷങ്ങള്‍ക്കിടെയാണ് കോട്ടയത്തെ ദാരുണ സംഭവമെന്നും കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിതീര്‍ക്കാനുളള പ്രചാരണത്തിന് തീവ്രതയേറ്റാനും അതിന്റെ പേരില്‍ പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങള്‍ക്ക് വീര്യമേറ്റാനും ഈ അപകടം കാരണമായി എന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നു.

കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ മറ്റൊരു ഗൂഢാലോചന കൂടിയുണ്ട്. സൗജന്യ ചികിത്സ നല്‍കുന്ന ആതുരാലയങ്ങളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധുമനുഷ്യരെ എറിഞ്ഞുകൊടുക്കുകയെന്ന മനുഷ്യത്വഹീനമായ ലക്ഷ്യം. കോട്ടയം സംഭവത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത് നെറികെട്ട ആക്ഷേപങ്ങളാണ്. രക്ഷാപ്രവര്‍ത്തനം വൈകി, അവശിഷ്ടങ്ങളില്‍ ആരുമില്ലെന്ന് മന്ത്രി പറഞ്ഞതാണ് മരണകാരണം എന്നിങ്ങനെ മാധ്യമങ്ങള്‍ ഒരു ഉത്തരവാദിത്തവുമില്ലാതെ എറിഞ്ഞുകൊടുക്കുന്ന വാര്‍ത്തകള്‍ ഏറ്റെടുത്ത് സമരം നടത്താനും വഴി സ്തംഭിപ്പിക്കാനും ആംബുലന്‍സ് തടയാനും കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിയും എംഎല്‍എമാരുമടക്കം രംഗത്തുവന്നു', എഡിറ്റോറിയലില്‍ പറയുന്നു.

മന്ത്രി വീണാ ജോര്‍ജിന്റെ ചോരയ്ക്കായി ദാഹിക്കുന്ന മാധ്യമങ്ങളോടും പ്രതിപക്ഷ നേതാക്കളോടും പറയട്ടെ, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ പൊതുജനാരോഗ്യ മേഖലയില്‍ ഒന്‍പതുവര്‍ഷം കൊണ്ട് നേടിയ നേട്ടങ്ങളെ ഇത്തരം ഭീഷണികൊണ്ടും സമരാഭാസം കൊണ്ടും തകര്‍ക്കാനാകില്ല. ഒറ്റപ്പെട്ട സംഭവം മുന്‍നിര്‍ത്തി കേരളത്തിന്റെ വിശുത്രമായ പൊതുജനാരോഗ്യമേഖലയെ താറടിക്കാനുളള മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുക തന്നെ ചെയ്യുമെന്നും പാര്‍ട്ടി മുഖപത്രം വ്യക്തമാക്കി.

കേരളത്തിലെ ആരോഗ്യരംഗം പാശ്ചാത്യവികസന സമ്പദ്ഘടനകളോടാണ് മത്സരിക്കുന്നതെന്ന കാര്യത്തില്‍ സംശയമേതുമില്ല. അത് നീതി ആയോഗ് വ്യക്തമാക്കിയതാണ്. ജനങ്ങളുടെ ആരോഗ്യനിലവാരം, ആരോഗ്യമേഖലയുടെ നടത്തിപ്പ്, ആരോഗ്യമേഖലയിലെ സേവനങ്ങളും സൗകര്യങ്ങളും എന്നിവ കണക്കിലെടുക്കുന്ന 24 ഘടകങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലകളുടെ റാങ്കിംഗ്. അതില്‍ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. കേരളം ഇപ്പോള്‍ എത്തിപ്പിടിച്ച ഉയരത്തിലെത്താന്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടാലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. ഹൃദയാമാറ്റ ശസ്ത്രക്രിയകള്‍ വരെ സൗജന്യമായി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രികളാണ് കേരളത്തിലുളളതെന്ന വസ്തുത മറച്ചുവെച്ചാണ് ദുഷ്പ്രചാരണങ്ങളെന്നും എഡിറ്റോറിയലിൽ പറയുന്നു.

Content Highlights: Deshabhimani editorial about media and opposition protests against health department

To advertise here,contact us