ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

എല്‍ഡിഎഫ് ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് ഉണ്ടായിട്ടുള്ളതെന്നും കെ കെ ശെെലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നും കെ കെ ശൈലജ വ്യക്തമാക്കി. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണണെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

'എല്‍ഡിഎഫ് ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ തകര്‍ന്നു വീണ കെട്ടിടം മാറ്റിപ്പണിയുന്നതിന് 2018ല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കിഫ്ബിയില്‍ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി കാരണം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടെങ്കിലും ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാന്‍ തീരുമാനിച്ചതിനിടയിലാണ് കെട്ടിടം തകര്‍ന്ന് വേദനാജനകമായ അനുഭവമുണ്ടായത്.'

'മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ മുന്‍കയ്യെടുത്താണ് കോളേജില്‍ ഇപ്പോള്‍ നടന്നിട്ടുള്ള എല്ലാ വികസനങ്ങളും ഉണ്ടായിട്ടുള്ളത്. ഹൃദയ ശസ്ത്രക്രിയക്കായി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിച്ച ഡോക്ടറേയും ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം', കെ കെ ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരണമടഞ്ഞ ബിന്ദുവിന്റെ വേര്‍പാടില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.വളരെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ബിന്ദുവിന്റെ മകളുടെ ഓപ്പറേഷന്‍ കൃത്യസമയത്ത് നടത്തുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.LDF ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ തകര്‍ന്നു വീണ കെട്ടിടം മാറ്റിപ്പണിയുന്നതിന് 2018ല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കിഫ്ബിയില്‍ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി കാരണം നിര്‍മ്മാണ പ്രവര്‍ത്തനന്നിന് തടസ്സം നേരിട്ടെങ്കിലും ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാന്‍ തീരുമാനിച്ചതിനിടയിലാണ് കെട്ടിടം തകര്‍ന്ന് വേദനാജനകമായ അനുഭവമുണ്ടായത്.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ മുന്‍കയ്യെടുത്താണ് കോളേജില്‍ ഇപ്പോള്‍ നടന്നിട്ടുള്ള എല്ലാ വികസനങ്ങളും ഉണ്ടായിട്ടുള്ളത്. ഹൃദയ ശസ്ത്രക്രിയക്കായി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിച്ച ഡോക്ടറേയും ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം.ബിന്ദുവിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം അവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

Content Highlights: Kottayam Medical College Building Collapse K K Shailaja about Bindhu death

To advertise here,contact us