കൊച്ചി: വാന്ഹായ് കപ്പലില് വീണ്ടും തീപിടിത്തം. കപ്പലിന്റെ താഴ്ഭാഗത്തെ അറയിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ തീ ഉയരുന്നത് ശ്രദ്ധയില്പ്പെട്ടതോടെ കോസ്റ്റ് ഗാര്ഡിന്റെ നേതൃത്വത്തില് തീ അണയ്ക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചെങ്കിലും വൈകിട്ടോടെ തീ വ്യാപിക്കുകയായിരുന്നു.
കത്തുന്ന രാസവസ്തുക്കള് അടങ്ങിയ കണ്ടെയ്നറുകള് കപ്പലില് ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് ഡിജി ഷിപ്പിംഗ്. അങ്ങനെയുണ്ടെങ്കില് കപ്പലിന്റെ സുരക്ഷയെ ബാധിക്കാനും കപ്പല് മുങ്ങിത്താഴാനുമുള്ള സാധ്യതയുമുണ്ട്. നിലവില് ഇന്ത്യന് സമുദ്രാതിർത്തിക് പുറത്താണ് കപ്പല് ഉള്ളത്.
ഇക്കഴിഞ്ഞ ജൂൺ ഒൻപതിനായിരുന്നു കൊളംബോയില് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര് ചരക്കുകപ്പല് വാന് ഹായ് 503ന് തീപിടിച്ചത്. ബേപ്പൂര്-അഴീക്കല് തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല് മൈല് അകലെ ഉള്ക്കടലിലായിരുന്നു സംഭവം.
content highlights: Fire breaks out again on Wanhai ship; experts say the ship is likely to sink