തിരുവനന്തപുരം: സര്ക്കാര് മികച്ച നേട്ടങ്ങള് കൈവരിച്ച മേഖലകളെ കോണ്ഗ്രസ് കടന്നാക്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആരോഗ്യം, വിദ്യാഭ്യാസമടക്കമുള്ള മേഖലകളെ കടന്നാക്രമിക്കുകയാണ്. ചില മാധ്യമങ്ങള് ഇതിന് കൂട്ടു നില്ക്കുന്നകയാണ്. സര്ക്കാര് ജനക്ഷേമ പ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള് വികസന പ്രവര്ത്തനങ്ങളെ തടയുക എന്ന ലക്ഷ്യവുമായാണ് പ്രതിപക്ഷം പ്രവര്ത്തിക്കുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ആരോഗ്യ മേഖലയില് കേരളം വലിയ നേട്ടമാണ് ഉണ്ടാക്കിയതെന്നും എം വി ഗോവിന്ദന് പറഞ്ഞു. അതിനെതിരായി വമ്പിച്ച പ്രചാരവേലയാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്നത്. കേരളത്തില് വികസനം വഴി മുട്ടിയിട്ടില്ല. കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമായി മികച്ച നേട്ടമുണ്ടാക്കിയ മേഖലകളെ കോണ്ഗ്രസ് കടന്നാക്രമിക്കുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങള്ക്കെതിരെ വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്ത്തു.
കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് കെട്ടിടം തകര്ന്നുണ്ടായ അപകടത്തിലും എം വി ഗോവിന്ദന് പ്രതികരിച്ചു. സംഭവം ദൗര്ഭാഗ്യകരമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില് പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദന് പറഞ്ഞു. കുടുംബത്തിന് ആശ്വാസകരമായ നടപടികളിലേക്ക് സര്ക്കാര് പോകണം. കെട്ടിടത്തിന്റെ ബലക്ഷയം മനസിലാക്കി 564 രൂപയുടെ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടം അപ്രതീക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാര്ക്കെതിരെ വലിയ രീതിയില് പ്രചാരവേല നടക്കുന്നുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കേന്ദ്രം സഹായം നിഷേധിച്ചപ്പോള് പ്രതിപക്ഷം സന്തോഷിക്കുന്നതാണ് കണ്ടതെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഗവര്ണറെ ഉപയോഗപ്പെടുത്തി കേന്ദ്രം വികസന പാത തടസപ്പെടുത്തിയപ്പോള് യുഡിഎഫ് പിന്തുണ നല്കി. ഈ നിലപാട് യുഡിഎഫ് തുടരുകയാണ്. സംസ്ഥാന സര്ക്കാര് ഈ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുകയാണ്. സംസ്ഥാനത്തിന്റെ വികസന പ്രവര്ത്തനങ്ങള് മുന്നോട്ട് കൊണ്ടുപോകുന്നത്തില് ഒരു തടസ്സവും വരുത്തിയില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
Content Highlights-CPIM State secretary M V Govindan against opposition