കോട്ടയം: കോട്ടയം മെഡിക്കല് കോളേജില് തകര്ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. പുറത്തെടുക്കുമ്പോള് തന്നെ ജീവനില്ലായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ പുറത്തെടുത്തത്. കെട്ടിടം തകര്ന്ന് ഏറെ വൈകിയാണ് രക്ഷാപ്രവര്ത്തനം ആരംഭിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സംഘര്ഷാവസ്ഥ ഉണ്ടായി.
കെട്ടിടം തകര്ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. 13-ാം വാര്ഡിലെ രോഗിയുടെ ബന്ധു ബിന്ദുവിനെയായിരുന്നു കാണാതായത്. 14ാം വാര്ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. 13, 14 വാര്ഡിലുള്ളവര് 14-ാം വാര്ഡിലാണ് പ്രാഥമിക കൃത്യങ്ങള്ക്കായി പോകുന്നതെന്നുമായിരുന്നു ബിന്ദുവിന്റെ ബന്ധുക്കള് ആരോപിച്ചത്.
കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആര്ക്കും ഗുരുതര പരിക്കുകള് ഇല്ലെന്ന് മന്ത്രി വി എന് വാസവന് സംഭവം നടന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. മന്ത്രി വീണാ ജോര്ജ് സംഭവസ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം ഉള്ളതിനാല് പുതിയ കെട്ടിയം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം.
Content Highlights: Woman died in kottayam Medical college Collapse