കോട്ടയം: കോട്ടയം ഗവണ്മെന്റ് മെഡിക്കല് കോളേജ് ആശുപത്രിയില് കെട്ടിടം തകര്ന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി മരിച്ച സംഭവം കേരളത്തിനാകെ അപമാനമെന്ന് കെ സുധാകരന് എം പി. ഒരു കാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജന ആരോഗ്യരംഗം നമ്മുടെ മുന്നില് വിറങ്ങലിച്ചു നില്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ ആതുരാലയമായ ഗവണ്മെന്റ് മെഡിക്കല് കോളജില് നടന്ന ഈ ദാരുണ സംഭവത്തില് നിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കെ സുധാകരന് പറഞ്ഞു.അപകടം നടന്ന മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിയ മന്ത്രിമാര് രക്ഷാപ്രവര്ത്തനം നടത്താതെ ഭരണനേട്ടങ്ങള് ക്യാമറയിലൂടെ വിളിച്ചുപറയുകയാണ് ചെയ്തത്.
അപകടം നടന്ന സ്ഥലത്ത് കൃത്യമായ പരിശോധന നടത്താതെ, തകര്ന്ന കെട്ടിടത്തിനുള്ളില് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് കേരളത്തോട് വിളിച്ചു പറഞ്ഞ ഈ മന്ത്രിമാര് ഏത് ലോകത്താണ് ജീവിക്കുന്നതെന്നും കെ സുധാകരന് ചോദിച്ചു. ഈ മന്ത്രിമാര് കേരളത്തിന് അപമാനമാണ് എന്നും അപകടം നടന്ന ഉടന്തന്നെ രക്ഷാപ്രവര്ത്തനം നടത്തിയിരുന്നുവെങ്കില് ഒരു ജീവന് രക്ഷിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പി ആര് ഏജന്സികള് ഊതിവീര്പ്പിച്ച ബലൂണിന്റെ പുറത്തിരുന്ന് ഭരണം നടത്തുന്ന പിണറായി വിജയന് സര്ക്കാര് അടിയന്തരമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ രക്ഷിക്കണം എന്നും കെ സുധാകരന് കൂട്ടിച്ചേര്ത്തു.
ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു കോട്ടയം മെഡിക്കല് കോളേജില് കാലപ്പഴക്കമുള്ള കെട്ടിടം തകര്ന്നുവീണത്. തൊട്ടുപിന്നാലെ മന്ത്രി വീണാ ജോര്ജും മന്ത്രി വാസവനും സ്ഥലത്തെത്തി. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെന്നും മറ്റ് അപകടങ്ങളിലെന്നുമായിരുന്നു മന്ത്രി വീണാ ജോര്ജ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് നിന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്ക്ക് കൂട്ടിരിപ്പിനായി മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില് എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ബിന്ദുവിന്റെ സംസ്കാരം നാളെ രാവിലെ 11-ന് വീട്ടുവളപ്പില് നടക്കും. രാവിലെ ഏഴ് മണിക്ക് മൃതദേഹം വീട്ടില് എത്തിക്കും.
content highlights : 'Save Kerala's health department by firing the health minister'; K Sudhakaran MP