'വീണാ ജോർജ് കേരളത്തിന്റെ ആരോഗ്യരംഗത്തെ വെന്‌റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി'; രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ്

കാരുണ്യ പദ്ധതി, ഹൃദ്യം തുടങ്ങി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാവങ്ങള്‍ക്കായി കൊണ്ടുവന്ന പദ്ധതികളെല്ലാം ഇടത് സര്‍ക്കാര്‍ തകര്‍ത്തു എന്നും വി ഡി സതീശന്‍ തുറന്നടിച്ചു.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് സത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തിന്‌റെ ആരോഗ്യരംഗത്തെ വെന്‌റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രിയാണ് വീണാ ജോര്‍ജെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ആരോഗ്യമന്ത്രി എത്രയും പെട്ടെന്ന് രാജിവെച്ച് പുറത്തുപോകണമെന്നും വി ഡി സതീശന്‍ തുറന്നടിച്ചു.

ബിന്ദുവിന്‌റെ മരണത്തിന് ഉത്തരവാദി ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ്. ആരോഗ്യ മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ആരുമില്ല എന്ന് പറഞ്ഞതെന്നും വി ഡി സതീശന്‍ ചോദിച്ചു. ആരെങ്കിലും പറയുന്ന ന്യായീകരണം വിശദീകരിക്കലല്ല ആരോഗ്യമന്ത്രിയുടെ ജോലി. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയാണ് വേണ്ടത്. രക്ഷാപ്രവര്‍ത്തനം നടന്നില്ല എന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. രക്ഷാപ്രവര്‍ത്തനം നടക്കാത്തതിന് കാരണം ആരോഗ്യമന്ത്രിയാണെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായത് ഗുരുതരമായ അനാസ്ഥയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ഇന്ന് രാവിലെ പോലും ആളുകള്‍ ഉപയോഗിച്ച കെട്ടിടം കാലങ്ങളായി പൂട്ടിയിട്ടിരിക്കുകയാണെന്ന് മന്ത്രി കള്ളം പറഞ്ഞു. ആരോ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങി അത് പറയുകയാണ് ആരാഗ്യമന്ത്രി. ഒരാളെ കാണാതായെന്ന് വിവരം ലഭിച്ചിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയില്ല. കിട്ടിയ തെറ്റായ വിവരം വച്ചു രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കി. എത്ര മണിക്കൂര്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. മെഡിക്കല്‍ കോളേജുകളിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. ഉപയോഗിക്കാത്ത കെട്ടിടം എന്തുകൊണ്ടാണ് പൊളിക്കാത്തതെന്നും ഇതാണ് മെഡിക്കല്‍ കോളേജിലെ യഥാര്‍ത്ഥ സ്ഥിതിയെന്നും വി ഡി സതീശന്‍. ഉത്തരവാദിത്തത്തില്‍ നിന്ന് ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗം ദയനീയമായ അവസ്ഥയിലാണ്. അതിനു കാരണക്കാരി ആരോഗ്യമന്ത്രി വീണാ ജോര്‍ജാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ല, ശസ്ത്രക്രിയാ ഉപകരണങ്ങളില്ല, സ്റ്റാഫില്ല. കേരളത്തിന്‌റെ ആരോഗ്യരംഗം സര്‍ക്കാര്‍ അലങ്കോലമാക്കി.15 വര്‍ഷം മുന്‍പുള്ള കഥകളാണ് ആരോഗ്യമന്ത്രി ഇപ്പോഴും പ്രചരിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ചിലവ് വര്‍ദ്ധിച്ചത് കൊണ്ടാണ് സാധാരണക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. ഉമ്മന്‍ച്ചാണ്ടി സര്‍ക്കാരിന്‌റെ കാലത്തുള്ള എല്ലാ പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. കാരുണ്യ പദ്ധതി, ഹൃദ്യം തുടങ്ങി ഉമ്മന്‍ച്ചാണ്ടി സര്‍ക്കാര്‍ പാവങ്ങള്‍ക്കായി കൊണ്ടുവന്ന പദ്ധതി എല്ലാം സര്‍ക്കാര്‍ തകര്‍ത്തു എന്നും വി ഡി സതീശന്‍ തുറന്നടിച്ചു.

ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണത്.കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. 13-ാം വാര്‍ഡിലെ രോഗിയുടെ ബന്ധു ബിന്ദുവിനെയായിരുന്നു കാണാതായത്. 14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബിന്ദുവിന്റെ ബന്ധുക്കള്‍ ആരോപിച്ചത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ സംഭവം നടന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. മന്ത്രി വീണാ ജോര്‍ജ് സംഭവസ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം ഉള്ളതിനാല്‍ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം. കെട്ടിടം തകര്‍ന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഭര്‍ത്താവായിരുന്നു പരാതി നല്‍കിയത്.

13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14 ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കാഷ്വാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കള്‍ പരാതി ഉന്നയിക്കുകയായിരുന്നു.പിന്നാലെ മെഡിക്കല്‍ കോളേജിലെ ശുചിമുറി തകര്‍ന്നുവീണു മരിച്ചത് കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട ബിന്ദുവെന്ന് സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ബിന്ദു രണ്ട് മണിക്കൂറോളമാണ് കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങികിടന്നത്.

content highlights: 'Veena George is the Health Minister who put Kerala's health on a ventilator'; Opposition leader demands her resignation

To advertise here,contact us