ആരോഗ്യനില തൃപ്തികരം; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

മൂന്നു മണിക്കൂറോളമാണ് മന്ത്രി ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നത്

കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്നാണ് മന്ത്രി ആശുപത്രി വിട്ടത്. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കൊട്ടാരക്കരയില്‍ വെച്ച് മന്ത്രിക്ക് അമിത രക്തസമ്മര്‍ദ്ദമുണ്ടായി. തുടര്‍ന്ന് ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ച മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളമാണ് മന്ത്രി ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നത്. ആരോഗ്യം പൂര്‍വ്വസ്ഥിതിയിലായതിനെ തുടര്‍ന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവായിരുന്നു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്.അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി.

ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞു. സംഭവത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

Content highlights:Minister Veena George discharged from hospital in satisfactory condition

To advertise here,contact us