കോട്ടയം: കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് കെട്ടിടം തകര്ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില് പ്രതികരിച്ച് മന്ത്രി വി എന് വാസവന്. ഏറ്റവും വേദനാജനകവും ദൗര്ഭാഗ്യകരവുമായ സംഭവത്തിന് സാക്ഷിയാവേണ്ടിവന്ന ദിവസമായിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില് കുറിച്ചു.
എന്തെല്ലാം ആശ്വാസവാക്കുകള് പറഞ്ഞാലും ആ കുടുംബത്തിന്റെ നഷ്ടത്തിന് പകരമാകില്ലെന്ന് മന്ത്രി പറഞ്ഞു. അമ്മയെ നഷ്ടമായ മക്കളുടെ കണ്ണീരിന് മുന്നില് ഒന്നും ചെയ്യാന് സാധിക്കില്ല. എങ്കിലും ആ കുടുംബത്തിന് തണലായി താനും സംസ്ഥാന സര്ക്കാരും എന്നും ഒപ്പമുണ്ടാവും. അവരുടെ വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നുവെന്നും മന്ത്രി കുറിപ്പില് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ഏറ്റവും വേദനാജനകവും ദൗര്ഭാഗ്യകരുമായ സംഭവത്തിന് സാക്ഷിയാവേണ്ടിവന്ന ദിവസമായിരുന്നു. കോട്ടയം ഗവ. മെഡിക്കല് കോളജില് നിലവിലെ 11, 14, 10 വാര്ഡുകളോട് ചേര്ന്നുള്ള ടോയ്ലറ്റ് കോംപ്ലക്സ് ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു എന്ന വീട്ടമ്മയുടെ ജീവന് നഷ്ടമായി.
എന്തെല്ലാം ആശ്വാസവാക്കുകള് പറഞ്ഞാലും ആ കുടുംബത്തിന്റെ നഷ്ടത്തിന് പകരമാവില്ല. അമ്മയെ നഷ്ടമായ മക്കളുടെ കണ്ണീരിന് മുന്നില് ഒന്നും ചെയ്യാന് സാധിക്കുകയില്ല എന്നും അറിയാം. എങ്കിലും ആ കുടുംബത്തിന് തണലായി ആശ്വാസമായി ഞാനും സംസ്ഥാന സര്ക്കാരും എന്നും ഒപ്പമുണ്ടാവും. അവരുടെ വേദനയിലും ദുഃഖത്തിലും പങ്കു ചേരുന്നു. പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്.
കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് കെട്ടിടം തകര്ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകള് നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില് എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില് എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള് നവമി ഫോണില് ബന്ധപ്പെട്ടിരുന്നു. എന്നാല് പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്ത്താവ് വിശ്രുതന്.
അപകടം നടന്ന് മണിക്കൂറുകള്ക്കുള്ളില് മന്ത്രി വി എന് വാസവന് സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്ജ് ആദ്യഘട്ടത്തില് നല്കിയ പ്രതികരണം. മന്ത്രി വി എന് വാസവന്റെ നിര്ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില് കണ്ടെത്തിയത്. ഉടന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില് അരങ്ങേറിയത്. ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇന്ന് മുട്ടുചിറ ഹോളി ഹോസ്റ്റ് ആശുപത്രിയില് സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ട് മണിയോടെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. നാളെയാണ് സംസ്കാര ചടങ്ങുകള് നടക്കുക.
Content Highlights- Minister V N Vasavan facebook post over kottayam medical college incident