ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താൻ; ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: മെഡിക്കൽ കോളേജ് സൂപ്രണ്ട്

'പകരം സംവിധാനം ഇല്ലാതെ കെട്ടിടം അടച്ചിടാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു'

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍. കെട്ടിടത്തിനടിയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താനാണെന്നും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും ജയകുമാര്‍ പറഞ്ഞു. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നുവെന്നും നടന്നത് ദുരന്തമാണെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു. അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവരാണ് തന്നോട് പറഞ്ഞത്. അടിയില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്ന് കരുതി. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് മന്ത്രിക്ക് കൈമാറിയത്. സംഭവത്തിന് പിന്നാലെ മൂന്ന് വാര്‍ഡുകളിലെ ആളുകളെ പതിനഞ്ച് മിനിറ്റുകള്‍കൊണ്ട് മാറ്റി. ആരെയും നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് ചെയ്തില്ല. മുന്‍ നിശ്ചയപ്രകാരമാണ് ഡിസ്ചാര്‍ജുകള്‍ നല്‍കിയത്. സംഭവത്തിന് ശേഷം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പ്രശ്നങ്ങളില്ലാതെ പോകുന്നു. ചികിത്സയെ ബാധിച്ചിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

കെട്ടിടത്തിന് പൂര്‍ണമായും പ്രശ്‌നങ്ങളുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിയ ശേഷം ആളുകളെ മാറ്റുക സാധ്യമല്ലായിരുന്നു. പകരം സംവിധാനം ഇല്ലാതെ കെട്ടിടം അടച്ചിടാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. കെട്ടിടത്തില്‍ ശാസ്ത്രീയ പഠനം അനിവാര്യമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ഏജന്‍സികള്‍ പഠനം നടത്തിയെന്നും സൂപ്രണ്ട് പറഞ്ഞു. ഇടിച്ചു കളയുകയോ ബലപ്പെടുത്തുകയോ ചെയ്യാനാണ് രണ്ട് ഏജന്‍സികളും പറഞ്ഞത്. അതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതോടെ മൂന്നാം ഏജന്‍സിയെ പഠനം നടത്താന്‍ നിയോഗിച്ചു. ഇതോടെയാണ് കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റാന്‍ തീരുമാനമായതെന്നും സൂപ്രണ്ട് പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവായിരുന്നു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞു. സംഭവത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

Content Highlights- Medical College superintendent reaction over death of woman in hospital

To advertise here,contact us