ഇടുക്കി മെഡിക്കൽ കോളേജിൽ പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ; തുറന്ന് സമ്മതിച്ച് പ്രിൻസിപ്പൽ

കെട്ടിടത്തിന് ഇതുവരെ ഫയർ എൻഒസി ലഭിച്ചിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ടോമി റിപ്പോർട്ടറിനോട് തുറന്നുസമ്മതിച്ചു

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ. ദിവസേന ആയിരക്കണക്കിന് ആളുകളാണ് മൾട്ടി സ്പെഷ്യാലിറ്റി ഒഴികെയുള്ള മുഴുവൻ യൂണിറ്റും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്നത്. കെട്ടിടത്തിന് ഇതുവരെ ഫയർ എൻഒസി ലഭിച്ചിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ടോമി റിപ്പോർട്ടറിനോട് തുറന്നുസമ്മതിച്ചു. റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കുകയായിരുന്നു ഇടുക്കി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ.

ഇടുക്കി മെഡിക്കൽ കോളേജ് ഇപ്പോഴും പ്രാഥമിക പ്രവർത്തനഘട്ടത്തിലായതിനാൽ ഫയർ എൻഒസി നേടിയെടുക്കാനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രിൻസിപ്പൽ കോഫി വിത്ത് അരുണിൽ തുറന്നുസമ്മതിച്ചു. കെട്ടിടം പ്രവർത്തനം തുടങ്ങുന്നതിന് മുൻപേ ലഭിക്കേണ്ടതാണ് ഫയർ എൻഒസി. അവ ലഭിച്ച ശേഷം പ്രവർത്തനം തുടങ്ങാമെന്നുവെച്ചാൽ ജനങ്ങൾക്ക് ഉപകാരമുണ്ടാകില്ലെന്നും നിയമങ്ങൾ പറയാൻ മാത്രം പറ്റും എന്നുമായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. കെട്ടിടം ഇപ്പോഴും പൂർണമായും പ്രവർത്തനക്ഷമമായിട്ടില്ല. എൻഒസി അപേക്ഷ നൽകിയിട്ടുണ്ട്. അതിനുവേണ്ട നിർമാണ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ഫയർ എൻജിൻ വന്നാൽ ഇറങ്ങിപ്പോകാൻ ഒരു വഴിയില്ല എന്നതാണ് ആകെ പോരായ്മയെന്നും എന്നാൽ അത് ഗുരുതരമായ വിഷയമാണെന്നും ഡോ. ടോമി തുറന്ന് പറഞ്ഞു.

Content Highlights: Idukki medical college didnt get fire NOC even after its functioning

To advertise here,contact us