കൊച്ചി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധത്തിലിരുന്ന ശേഷം അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള് വിവാഹിതയായ സ്ത്രീക്ക് ബലാത്സംഗ പരാതി ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ വിവാഹ ജീവിതത്തെക്കുറിച്ച് ഇരുവര്ക്കും ബോധ്യമുള്ളപ്പോള് ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ല. വിവാഹ ജീവിതത്തില് തുടരുന്നയാള്ക്ക് വിവാഹ വാഗ്ദാനം നല്കുമെന്ന് കരുതാനാവില്ലെന്നും സിംഗിള് ബെഞ്ചിന്റെ നിരീക്ഷണം.
പാലക്കാട് സ്വദേശിയായ 28കാരന് ജാമ്യം നല്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റെ നിരീക്ഷണം. യുവാവിനെതിരെ ബലാത്സംഗക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്ക്കുമോയെന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. വിവാഹിതയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന രണ്ടാമത്തെ കുറ്റം ജാമ്യം ലഭിക്കാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടര്ന്നാണ് പ്രതിക്ക് ജാമ്യം നല്കാന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റെ തീരുമാനം.
യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗിക അതിക്രമം നടത്തിയെന്നും നഗ്നചിത്രങ്ങള് ശേഖരിച്ച് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരി വിവാഹിതയാണെന്നും വിവാഹ വാഗ്ദാനം നല്കി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പരാതിയും എഫ്ഐആറും അനുസരിച്ച് സാമ്പത്തിക ഇടപാടുകളാണ് പരാതിക്ക് അടിസ്ഥാനമെന്നും പ്രതിഭാഗം ഹൈക്കോടതിയെ അറിയിച്ചു. മലപ്പുറം പൊലീസ് രജിസ്റ്റര് ചെയ്ത കേസില് കഴിഞ്ഞ 21 ദിവസമായി റിമാന്ഡിലാണ് യുവാവ്. പ്രതിക്കുവേണ്ടി അഭിഭാഷകരായ കെ അമീന് ഹസ്സന്, റെബിന് വിന്സന്റ് ഗ്രാലന് എന്നിവര് ഹാജരായി.
Content Highlights: A married woman cannot be accused of rape by promising marriage: High Court