ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച, ശാസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്: സണ്ണി ജോസഫ്

ഡിജിപി വിഷയം വിവാദമാക്കിയത് പി ജയരാജനാണെന്നും സണ്ണി ജോസഫ് ആരോപിച്ചു

തിരുവനന്തപുരം: ആരോഗ്യമേഖലയിലുള്ള സർക്കാർ സംവിധാനത്തിന്റെ തകർച്ചയാണ് ഡോ. ഹാരിസ് ചിറക്കൽ പുറത്തെത്തിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അദ്ദേഹം അത് പറയാൻ നിർബന്ധിതനായിരിക്കുന്നു. രോഗികളുടെ ജീവൻ രക്ഷിക്കേണ്ട ഡോക്ടർ അതിൽ പരാജയപ്പെടുമ്പോഴുള്ള വിഷമമാണ് ഡോക്ടർ പ്രകടിപ്പിച്ചതെന്നും എല്ലാ ആശുപത്രികളിലും പ്രതിസന്ധിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

പാവപ്പെട്ട ജനങ്ങളാണ് സർക്കാർ ആശുപത്രിയിലെത്തുന്നത്. ഡോ. ഹാരിസിനെ ശാസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. 'പ്രൊഫഷണൽ സൂയിസൈഡ്' എന്ന വാക്കിലേക്ക് എത്തിച്ചേരുകയാണ് ഡോക്ടർ. അത് കാണിക്കുന്നത് അദ്ദേഹത്തിന്റെ ഹൃദയവേദനയാണ്. അത് അദ്ദേഹത്തെ കൊണ്ട് വിഴുങ്ങിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ നടക്കില്ല. പ്രതിപക്ഷം പല തവണ സഭയിൽ വിഷയം ഉന്നയിച്ചതാണ്. അന്ന് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സർക്കാർ തയ്യാറായില്ല. സർക്കാർ നിഷേധാത്മക നിലപാടാണ് കാണിച്ചത്. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലെല്ലാം പ്രതിഷേധം നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളെ ഞെരുക്കി കൊല്ലാനാണ് സർക്കാർ ശ്രമിച്ചത്. സർക്കാർ തികഞ്ഞ അവഗണനാ ബോധത്തോടെയാണ് ഇതിനെ കാണുന്നത്. കോൺഗ്രസ്‌ ഈ മാസം എട്ടിന് പ്രതിഷേധിക്കും. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഡിജിപി വിഷയം വിവാദമാക്കിയത് പി ജയരാജനാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. റവാഡ ചന്ദ്രശേഖർ എന്തുകൊണ്ടും ഡിജിപി ആവാൻ യോഗ്യനാണ് എന്നുള്ള സർക്കാർ കണ്ടെത്തൽ പി ജയരാജനെയെങ്കിലും ബോധിപ്പിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികളെ അവഹേളിക്കുകയാണ് മന്ത്രി സജി ചെറിയാൻ. തെറ്റായ പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയ്യാറാവണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല പുനഃരധിവാസത്തിന് പ്രഖ്യാപിച്ച ഭവന നിർമാണ പദ്ധതി നടന്നില്ലെന്ന യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. 100 വീടുകൾ നിർമിച്ചുനൽകുമെന്നാണ് കോൺഗ്രസ്‌ പറഞ്ഞത്. സ്ഥലം കണ്ടെത്താനുള്ള ശ്രമമാണ് ഇതുവരെ നടന്നത്. മൂന്ന് പ്ലോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കാനാണ് ആലോചന. ആദ്യഘട്ടം എന്ന നിലയിൽ പ്രവർത്തനം തുടങ്ങും. യൂത്ത് കോൺഗ്രസ്‌ പറഞ്ഞ വീട് കോൺഗ്രസ്‌ പറഞ്ഞ വീടുകളിൽ പെടുമോ എന്നത് ആലോചിച്ചിട്ടില്ല. കോൺഗ്രസിനെ സംബന്ധിച്ച് അവസാനവാക്ക് ചാനലിൽ പറയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി ഉയർന്നിരുന്നു. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി അടക്കം എട്ട് നേതാക്കൾക്കെതിരെ കോലഞ്ചേരി സ്വദേശിനി ടി ആർ ലക്ഷ്മിയാണ് പരാതി നൽകിയത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട് വെച്ച് നൽകാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്ത സംഭവത്തിൽ നേതാക്കൾക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.

Content Highlights:sunny joseph about dr haris chirackal's statement on govt hospitals

To advertise here,contact us