അഴിമതിക്കാരുടെ കാല് തല്ലിയൊടിച്ചവരാണ് വടകരക്കാര്‍; പാർട്ടി ഭരിക്കുന്ന നഗരസഭയിൽ താക്കീതുമായി സിപിഐഎം നേതാവ്

സിപിഐഎം ഭരിക്കുന്ന നഗരസഭയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നടത്തിയ ആശംസാ പ്രസംഗത്തിലാണ് പ്രസ്താവന

കോഴിക്കോട്: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കാല് തല്ലിയൊടിച്ച ചരിത്രം ഓര്‍മ്മിപ്പിച്ച് വടകര നഗരസഭ മുന്‍ ചെയര്‍മാന്‍. വടകര നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കാണ് സിപിഐഎം നേതാവിന്റെ മുന്നറിയിപ്പ്. സിപിഐഎം ഭരിക്കുന്ന നഗരസഭയുടെ ഓഫീസ് ഉദ്ഘാടനത്തിനിടെ നടത്തിയ ആശംസാ പ്രസംഗത്തിലാണ് പ്രസ്താവന.

'വടകര നഗരസഭയിലെ ചില ഉദ്യോഗസ്ഥരെക്കുറിച്ച് വടകര പട്ടണത്തില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ചിലര്‍ സര്‍വ്വീസ് കാലയളവിന് ഇടയില്‍ തന്നെ ടാറ്റയോ ബിര്‍ളയോ ആയിക്കളയാമെന്ന നിലയില്‍ തന്റെ മുന്നില്‍ വരുന്ന സാധാരണക്കാരനെ പിഴിഞ്ഞ് കീശവീര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പറയപ്പെടുന്നുണ്ട്. അങ്ങനെയുള്ള ഉദ്യോഗസ്ഥരോട് ഒരുകാര്യമേ പറയാനുള്ളൂ, വിജിലന്‍സ് കേസ് വരും. വടകരയില്‍ പണ്ടൊരു ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ഉണ്ടായിരുന്നു. പൈസ കിട്ടിയാലേ കെട്ടിടത്തിന് ലൈസന്‍സ് കൊടുക്കൂവെന്ന് നിര്‍ബന്ധമായിരുന്നു, അവസാനം റോഡില്‍വെച്ച് കാല് തല്ലിയൊടിച്ചു. അതിനും കഴിവുള്ളവരാണ് വടകരക്കാര്‍ എന്ന് മനസ്സിലാക്കണം', നഗരസഭ മുന്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ പറഞ്ഞു.

മുനിസിപ്പാലിറ്റിയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വെച്ചായിരുന്നു പരാമര്‍ശം. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് മടങ്ങിയിരുന്നു. വടകര ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പരിപാടിയുടെ അധ്യക്ഷത വഹിച്ചത്. ഷാഫി പറമ്പില്‍ എംപിസ എംഎല്‍എമാരായ കെ കെ രമ, കെ പി കുഞ്ഞമ്മദ്കുട്ടി, മുന്‍ മന്ത്രി സി കെ നാണു ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Content Highlights: CPIM Leader K Sreedharan warning to corrupted bureaucrats

To advertise here,contact us