തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണി നടത്തിയതിൽ ക്രമക്കേടെന്ന് ആരോപണം. അറ്റകുറ്റപ്പണികൾ ചെയ്ത വീടുകൾ ചോർന്നൊലിക്കുന്ന നിലയിലാണ്. കിളിമാനൂരിലെ ഈന്തന്നൂരിലെ ഒന്നാം വാർഡിലാണ് പരാതി ഉയർന്നിരിക്കുന്നത്. വാർഡ് മെമ്പർ പറ്റിച്ചുവെന്നാണ് കബിളിപ്പിക്കപ്പെട്ട കുടുംബം വ്യക്തമാക്കുന്നത്.
ഇവിടെ പട്ടികജാതി ഫണ്ട് വഴി രണ്ട് വീടുകൾക്ക് മൂന്ന് ലക്ഷം രൂപയാണ് കിട്ടിയത്. വീട്ടുകാർ കണ്ടെത്തിയ ജോലിക്കാരനെ മെമ്പറുടെ നിർബന്ധപ്രകാരം ഒഴിവാക്കിയെന്നും പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറായ സുധീറിനെ പണി ഏൽപ്പിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സുധീറിനെ പണി ഏൽപ്പിച്ചത് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ ഗിരിജയാണെന്നും കുടുംബം ആരോപിക്കുന്നു.
വേഗം പണി തീർക്കേണ്ടത് കൊണ്ടാണ് സുധീറിനെ ഏൽപിച്ചതെന്നാണ് ഗിരിജ റിപ്പോർട്ടറോട് പ്രതികരിച്ചത്. വീട്ടുകാർ ഉന്നയിക്കുന്ന ആരോപണം കളവെന്നും അറ്റകുറ്റപ്പണി നന്നായി ചെയ്ത് കൊടുത്തുവെന്നുമാണ് ഗിരിജ റിപ്പോർട്ടറോട് പ്രതികരിച്ചത്. ഇതിനിടെ വിഷയത്തിൽ മന്ത്രി ഒ ആർ കേളു ഇടപെട്ടു. അടിയന്തരമായി വിഷയം പരിശോധിക്കാമെന്നും വിഷയം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. എംഎൽഎ ഒ എസ് അംബിക സ്ഥലം സന്ദർശിച്ചു.
Content Highlights: Allegations of irregularities in the repair of houses of Scheduled Caste families At kilimanoor