'പിആർ വർക്ക് ചെയ്ത് ലഭിക്കുന്ന ലൈക്കും ഷെയറും കൊണ്ട് വീട് നിർമിക്കാൻ കഴിയില്ല'; രാഹുലിനെ പരിഹസിച്ച് ഷാജർ

ലഭിച്ച തുക എത്രയാണങ്കിലും അത് പൊതു സമൂഹത്തെ അറിയിക്കാനുള്ള ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം ഏതൊരു പ്രസ്ഥാനത്തിനും ഉണ്ടെന്ന് ഷാജര്‍

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ പരിഹാസവുമായി സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. പി ആര്‍ വര്‍ക്ക് ചെയ്ത് ലഭിക്കുന്ന ലൈക്കും ഷെയറും കൊണ്ട് വീട് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഷാജര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം.

ലഭിച്ച തുക എത്രയാണങ്കിലും അത് പൊതു സമൂഹത്തെ അറിയിക്കാനുള്ള ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം ഏതൊരു പ്രസ്ഥാനത്തിനും ഉണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'ആദ്യം പ്രഖ്യാപിച്ചതിന്റെ നാല് ഇരട്ടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ധന സമാഹരണം നടത്തി ഇരുപത് കോടിക്ക് മുകളില്‍ കൈമാറിയ ഡിവൈഎഫ്‌ഐ അഭിമാനമാണ്. വ്യാജ പ്രഖ്യാപനങ്ങള്‍ അഴിമതിയുടെ ഭാഗം തന്നെയാണ്, ഇത്തരം ഉള്ള് പൊള്ളയായ കാര്യങ്ങളെ തുറന്ന് കാട്ടുക തന്നെ വേണം', ഷാജര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോലഞ്ചേരി സ്വദേശിനി പരാതി നല്‍കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെയാണ് കോലഞ്ചേരി സ്വദേശിനി ടി ആര്‍ ലക്ഷ്മി പരാതി നല്‍കിയിരിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്ത സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.

ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ദുരുപയോഗം നടന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്. പിരിച്ച തുകയുടെ കണക്കുകളും വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി നേതാക്കള്‍ ദുരുപയോഗം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പരിശീലന ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എട്ടുലക്ഷം രൂപ വീതം ചെലവുള്ള മുപ്പത് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു ക്യാമ്പില്‍ ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍ വിമര്‍ശനങ്ങളെ രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളിയിരുന്നു. ദുരന്തബാധിതര്‍ക്കായി 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണം പിരിച്ചത്. ഇതുവരെ 84 ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് കെപിസിസിക്ക് കൈമാറും. സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ടെന്നും പ്രഖ്യാപിച്ച തുക മുഴുവനും കൈമാറുമെന്നും ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടായി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: M Shajar against Rahul mamkoottathil on fund rising in Landslide

To advertise here,contact us