കീം 2025 ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങ്ങില്‍ ജോണ്‍ ഷിനോജും ഫാര്‍മസിയില്‍ അനഘ അനിലും ഒന്നാം റാങ്ക് കരസ്ഥമാക്കി

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം (കീം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ്ങില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജും ഫാര്‍മസിയില്‍ ആലപ്പുഴ സ്വദേശി അനഘ അനിലും ഒന്നാം റാങ്ക് നേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്.

എന്‍ജിനീയറിങ്ങില്‍ രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവും നേടി. ആകെ 86549 പേരാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവര്‍. ആകെ 76230 പേരാണ് യോഗ്യത നേടിയത്. ഫാര്‍മസി പരീക്ഷയില്‍ കോട്ടയം സ്വദേശി ഹൃഷികേശ് ആര്‍ ഷെനോയി രണ്ടാം റാങ്കും മലപ്പുറം സ്വദേശി ഫാത്തിമത്ത് സഹ്‌റ മൂന്നാം റാങ്കും കരസ്ഥമാക്കി. ആകെ 33425 പേരാണ് ഫാര്‍മസി പരീക്ഷ എഴുതിയവര്‍. ഇതില്‍ 27841 പേര്‍ യോഗ്യത നേടി.

മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

Content Highlights: Keam 2025 Result announced R Bindu

To advertise here,contact us