കൂത്തുപറമ്പ് വെടിവെപ്പ് സിപിഐഎം ന്യായീകരിക്കുന്നു;റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിൽ എൻ കെ പ്രേമചന്ദ്രൻ

പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള അവിഹിതബന്ധത്തിൻ്റെ ഭാഗമാണ് നിയമനമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: 2026ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 110 സീറ്റ് ലഭിക്കുമെന്നും പിണറായി ഭരണം ജനങ്ങൾ മടുത്തുവെന്നും ആര്‍എസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി. കോൺഗ്രസിലെ പ്രശ്നങ്ങൾ വേഗം പരിഹരിക്കപ്പെട്ടു. മേജറും ക്യാപ്റ്റനും ഒന്നും ഇപ്പോഴില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. കൂത്തുപറമ്പ് വെടിവെപ്പിന് പ്രധാന ഉത്തരവാദി റവാഡ ചന്ദ്രശേഖർ എന്ന് പറഞ്ഞത് സിപിഐഎം ആണ്. അവർ തന്നെ റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചു. കൂത്തുപറമ്പ് വെടിവെപ്പിൻ്റെ പേരിൽ 16 വർഷം സിപിഐഎം വോട്ടയാടിയ റവാഡ ചന്ദ്രശേഖർ എങ്ങനെ ഡിജിപിയായി എന്ന് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനവും ലോക്നാഥ് ബഹ്റയുടെ നിയമനവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള അവിഹിതബന്ധത്തിൻ്റെ ഭാഗമാണ് നിയമനമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള പാലമാണ് റവാഡ ചന്ദ്രശേഖറെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ബിജെപി - സിപിഐഎം ബന്ധം ഹൗറ പാലം പോലെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

റവാഡ ചന്ദ്രശേഖറിനെ കോടതി വെറുതെ വിട്ടു എന്ന എം വി ഗോവിന്ദൻ്റെ പ്രസ്താവന ബാലിശമാണ്. കൂത്തുപറമ്പ് വെടിവെപ്പിനെ സിപിഐഎം ന്യായികരിക്കുകയാണ്.കൂത്തുപറമ്പ് വെടിവെപ്പ് അനിവാര്യമായിരുന്നു എന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്. ബിജെപിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാരായി എൽഡിഎഫ് സർക്കാർ മാറിയിരിക്കുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.

Content Highlight : CPIM justifies Koothupram firing; NK Premachandran on Ravada Chandrasekhar's appointment as DGP

To advertise here,contact us