കൊച്ചി: കീഹോള് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില് രാജഗിരി ആശുപത്രിയ്ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന് ബിനു (44) നല്കിയ പരാതിയിലാണ് കേസെടുത്തത്.
നടുവേദനയെ തുടര്ന്നാണ് ബിജു കീഹോള് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര് പറഞ്ഞതായി ബിനു പറയുന്നു. ഡിസ്കില് ഞരമ്പ് കയറിയതായിരുന്നു നടുവേദനയ്ക്ക് കാരണം. വിദഗ്ധ ചികിത്സക്കായി ചുണങ്ങംവേലി രാജഗിരി ആശുപത്രിയില് ജൂണ് 25ാം തീയതി എത്തുകയും ന്യൂറോ സര്ജന് മനോജിനെ കാണുകയും ഓപ്പറേഷന് നിര്ദേശിക്കുകയുമായിരുന്നുവെന്ന് കുടുംബം നല്കിയ പരാതിയില് ചൂണ്ടികാട്ടി.
27ാം തീയതിയാണ് കീഹോള് സര്ജറി നടത്തുന്നത്. അന്ന് രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി. എന്നാല് വയറുവേദയുള്ളതായി സഹോദരന് പറഞ്ഞെന്നും വയര് വീര്ത്തിരിക്കുന്നതും കണ്ടുവെന്നും സഹോദരന് പറയുന്നു. തുടര്ന്ന് ഗ്യാസ്ട്രോയുടെ ഡോക്ടര് പരിശോധിക്കുകയും ഗ്യാസിനുള്ള മരുന്ന് നല്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെ മനോജ് വന്ന് ഗ്യാസ് ഉള്ളതിനാല് നടക്കാന് പറഞ്ഞു. എന്നാല് ബിജു തളര്ന്ന് വീഴുകയായിരുന്നു. പരിശോധനയില് ബിപി കുറഞ്ഞതാണെന്ന് കണ്ടെത്തി. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്. മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്ന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടര്മാര് പറഞ്ഞു. ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. 28-ാം തീയതി മറ്റൊരു ശസ്ത്രക്രിയ നടത്തി. ഹീമോഗ്ലോബിന് കുറവായതിനെ തുടര്ന്നും വൃക്കകളുടെ പ്രവര്ത്തനം മോശമായതിനാലും ഡയാലിസിസ് ആരംഭിക്കുകയും ബിജു ഇന്നലെ മരിച്ചുവെന്നുമാണ് കുടുംബം പറയുന്നത്. നിയമപരമായി നീങ്ങിക്കോളുവെന്നും നഷ്ടപരിഹാരം തരാന് തയ്യാറല്ലെന്നും ആശുപത്രി അധികൃതര് പറഞ്ഞതായാണ് വിവരം.
Content Highlights: case against Rajagiri Hospital over a complaint patient who underwent keyhole surgery died