പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; പ്രതികളെ റിമാൻഡ് ചെയ്തു

കുട്ടികളുടെ അമ്മയായ അനീഷയെ വിയ്യൂരിലേക്കും ബവിനെ ഇരിഞ്ഞാലക്കുട സബ് ജയിലിലേക്കും മാറ്റും

തൃശ്ശൂര്‍: പുതുക്കാട് മൂന്ന് വര്‍ഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കുട്ടികളുടെ അമ്മയായ അനീഷയെ വിയ്യൂരിലേക്കും ബവിനെ ഇരിഞ്ഞാലക്കുട സബ് ജയിലിലേക്കും മാറ്റും.

അതേസമയം കുഞ്ഞിനെ കുഴിച്ചിടുന്നത് അയല്‍വാസി കണ്ടതിനാല്‍ സ്ഥലംമാറ്റി കുഴിച്ചിട്ടെന്ന അമ്മ അനീഷയുടെ മൊഴി പുറത്തു വന്നിരുന്നു. കുഞ്ഞിന്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നു. എന്നാല്‍ അയല്‍വാസി ഇത് കണ്ടതോടെ സ്ഥലം ഉപേക്ഷിച്ചെന്നും പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് മൊഴി.

ആദ്യകുഞ്ഞിന്റെ അവശിഷ്ടത്തില്‍ നിന്നും മരണകാരണം കണ്ടെത്തുക വെല്ലുവിളിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുഞ്ഞ് മരിച്ച് നാല് വര്‍ഷം കഴിഞ്ഞതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് പൊലീസിന് മുന്നിലുള്ളത്. 2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് അനീഷ മൊഴി മാറ്റി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തുകയാണ് പൊലീസിന് പ്രയാസം. യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്നും ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. രണ്ട് പ്രസവകാലവും മറച്ചുപിടിക്കാന്‍ യുവതി ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതും യുവതിക്ക് സഹായമായിരുന്നു.

പ്രതിയായ ബവിന്റെ ഫോണ്‍ തല്ലിതകര്‍ത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഉണ്ടെന്നാണ് ബവിന്റെ മൊഴി. ഈ ഫോണ്‍ കണ്ടെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. അനീഷയുമായുള്ള വഴക്കിനിടെയാണ് ഫോണ്‍ തകര്‍ത്തത്. നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ബവിന്‍ എന്ന യുവാവ് പൊലീസ് സ്റ്റേഷനില്‍ അസ്ഥികള്‍ ഹാജരാക്കിയതാണ് കേസിന്റെ തുടക്കം. ജൂണ്‍ 28-ന് രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlight : Pudukkad newborn babies murder; The accused were remanded

To advertise here,contact us