മത രാഷ്ട്രങ്ങളേക്കാള്‍ കഷ്ടത്തിലാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ: ജെഎസ്‌കെ സിനിമാ വിവാദത്തില്‍ കെ മുരളീധരന്‍

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു കോടതിയിൽ സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം

തിരുവനന്തപുരം: ജെഎസ്കെ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സിനിമയ്ക്ക് പേരിടണമെങ്കില്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി വാങ്ങണമെന്ന അവസ്ഥയായെന്നും മത രാഷ്ട്രങ്ങളേക്കാള്‍ കഷ്ടത്തിലാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഈ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണെന്നും ജെഎസ്‌കെയ്ക്ക് അനുകൂലമായ കോടതിവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഒരു സിനിമയ്ക്ക് പേരിടണമെങ്കില്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി വാങ്ങണമെന്ന അവസ്ഥയാണ്. കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കും? ദുഷ്ടകഥാപാത്രങ്ങള്‍ക്ക് കോടതിവിധി അനുകൂലമായിരിക്കും എന്നാണ് പ്രതീക്ഷ. എമ്പുരാനെ 21 വെട്ട് വെട്ടി. അത് റിലീസ് ചെയ്തശേഷമായിരുന്നു എന്ന് മാത്രം'- കെ മുരളീധരന്‍ പറഞ്ഞു.

ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് നേരത്തെ സെൻസർ ബോർഡ് പ്രദർശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ജാനകി എന്ന പേര് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് ഉയർത്തിയ തടസവാദത്തിനെതിരെ സിനിമയുടെ നിര്‍മ്മാതാക്കള്‍  ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചിരുന്നു.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു കോടതിയിൽ സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. ജാനകിയെന്ന പേര് മാറ്റാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന ഉള്ളടക്കം സിനിമയിലുണ്ട്. പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചിത്രം കാണുന്നതിന് വിലക്കുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

Content Highlights: India's current situation is worse than religious nations: K Muraleedharan on JSK movie controversy

To advertise here,contact us