'മാതൃകാപരമായ ഇടപെടല്‍'; മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൽ രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് എം ബി രാജേഷ്

മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നതെന്നും ഈ യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടലെന്നും മന്ത്രി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് മന്ത്രി എം ബി രാജേഷ്. രമേശ് ചെന്നിത്തലയുടെ ലഹരിക്കെതിരായ പോരാട്ടത്തെ പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ മന്ത്രി കുറിപ്പ് പങ്കുവെച്ചു. മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നതെന്നും ഈ യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.

'കോഴിക്കോടും കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണ്. ഇക്കാര്യത്തില്‍ ഫോണില്‍ വിളിച്ച് അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ അറിയിക്കുകയുണ്ടായി. മയക്കുമരുന്ന് ഒരു സാമൂഹിക വിപത്താണ്. അതിനെതിരെ സമൂഹമാകെ അണിനിരക്കുകയാണ് വേണ്ടത്', എം ബി രാജേഷ് പറഞ്ഞു.

രാഷ്ട്രീയ ഭിന്നതകളൊന്നും അതിന് തടസമാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തലയെപ്പോലെ ആര് രംഗത്തുവന്നാലും സ്വാഗതാര്‍ഹമാണ്. മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരായ കൂട്ടായ പോരാട്ടം നമുക്ക് ഒറ്റക്കെട്ടായി തുടരാമെന്നും എം ബി രാജേഷ് വ്യക്തമാക്കി. 'ഒരുമിച്ച് പൊരുതാം ലഹരിക്കെതിരെ, രമേശ് ചെന്നിത്തല വോക്ക് എഗെയ്ന്‍സ്റ്റ് ഡ്രഗ്‌സ്' എന്ന പേരിലാണ് മയക്കുമരുന്നിനെതിരെ രമേശ് ചെന്നിത്തല സാമൂഹിക നടത്തം സംഘടിപ്പിക്കുന്നത്.

Content Highlights: MB Rajesh praises Ramesh Chennithala on walk against drug

To advertise here,contact us