'എൽഡിഎഫിന്റെ പരാജയം ആഘോഷിക്കുന്നത് സംഘപരിവാറും ജമാഅത്തെ ഇസ്‌ലാമിയും, പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ':സ്വരാജ്

ആർഎസ്എസിന്‍റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണെന്ന് എം സ്വരാജ് പറഞ്ഞു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയം ആഘോഷിക്കാൻ സംഘപരിവാറും ജമാ അത്തെ ഇസ്ലാമിയും ഒന്നിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ആഹ്‌ളാദിക്കാന്‍ ഇതില്‍പ്പരം വേറെന്ത് വേണമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സ്വരാജിന്റെ പ്രതികരണം.

'എൽഡിഎഫിന്‍റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്. വർഗീയവിഷ വിതരണക്കാരി മുതൽ ആർഎസ്എസിന്‍റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്. ആർഎസ്എസിന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ്. ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് എൽഡിഎഫ് പരാജയം അവരും ആഘോഷിക്കുന്നു. എൽഡിഎഫിന്‍റെ പരാജയവും യുഡിഎഫ് വിജയവും തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു'- എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന് ആക്രമിക്കുന്നുവെങ്കിൽ, സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ, അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ 11077 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് ആകെ നേടിയത്. എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു.

Content Highlights: Sangh Parivar and Jamaat-e-Islami are celebrating LDF's defeat says M Swaraj

To advertise here,contact us