തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്. ഭരണഘടനയ്ക്ക് മുകളില്‍ അല്ല പ്രോട്ടോകോളെന്ന്, മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന രാജ്ഭവന്റെ പ്രസ്താവനയ്ക്കെതിരെ തോമസ് ഐസക് പറഞ്ഞു. തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ച ശേഷമാണ് പ്രോട്ടോകോള്‍ ലംഘനം ആരോപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഭാരതാംബയുടെ സങ്കല്പം ഇതല്ല. ഇന്ത്യന്‍ പതാകയില്‍ എവിടെയാണ് കാവിക്കൊടി. സര്‍ക്കാര്‍ -ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ സെറ്റില്‍ ചെയ്തു എന്ന് തെറ്റിദ്ധരിച്ചു. പുതിയ ഗവര്‍ണര്‍ അവസരം കിട്ടാന്‍ കാത്തിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. മന്ത്രിസഭ പറയുന്നത് അനുസരിക്കുക മാത്രമാണ് ഗവര്‍ണറുടെ ജോലി. ബിജെപിയുടെ ചട്ടുകമായി ഗവര്‍ണര്‍മാര്‍ മാറുന്നു', തോമസ് ഐസക് പറഞ്ഞു.
സര്‍ക്കാര്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ആക്ഷേപം അര്‍ത്ഥമില്ലാത്തതാണെന്നും പ്രതിപക്ഷം ആദ്യം ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക് വ്യക്തമാക്കി.
ഇന്നലെ രാജ്ഭവനില്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവന് തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താന്‍ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.
അതേസമയം, വിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിക്കുക തന്നെയാണ് രാജ്ഭവന്. ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവന് നിലപാട്. ചിത്രത്തിന് മുന്നില്‍ വിളക്കുവെക്കുമെന്നും രാജ്ഭവന് പറഞ്ഞു. ഇതോടെ ഇനി രാജ്ഭവനില്‍ സര്‍ക്കാര്‍ പരിപാടികള്‍ നടക്കാനുള്ള സാധ്യതകള്‍ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി രാജ്ഭവനില്‍ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും നടക്കുക. ശിവന്‍കുട്ടിയുടെ പ്രോട്ടോകോള്‍ ലംഘനത്തില്‍ രാജ്ഭവന് കൂടുതല്‍ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയില്‍ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.
ഭാരതാംബ വിവാദത്തില്‍ നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയില്‍ എന്തൊക്കെ ചിഹ്നങ്ങള്‍ വെക്കണമെന്ന പ്രോട്ടോക്കോള്‍ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്കാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. മറുപടിക്ക് ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
പരിസ്ഥിതി ദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് രാജ്ഭവന് അറിയിക്കുകയും പരിപാടിയില്‍ വിയോജിച്ച് കൃഷി മന്ത്രി പി പ്രസാദ് വിട്ടുനില്‍ക്കുകയും ചെയ്തതോടെയാണ് ഭാരതാംബ വിവാദം ആരംഭിക്കുന്നത്. ബാഹ്യ ശക്തികള്‍ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് കാണിക്കുന്നതെന്നും രാജ്ഭവന് സങ്കുചിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകാന്‍ പാടില്ലെന്നും പി പ്രസാദ് പ്രതികരിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി രാജ്ഭവനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും കഴിഞ്ഞ ദിവസം ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദം ഉടലെടുക്കുന്നത്.
Content Highlights: Thomas Isaac reaction on Bharthamba Controversy