തൃശൂര്‍: ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്ക്കുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അനിവാര്യമായ മാറ്റമാണ് അതെന്നും കോണ്‍ഗ്രസ് വിടണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ശശി തരൂരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നതിന് അനുസരിച്ച് മാറ്റമുണ്ടാകുന്നതിന്റെ കാഴ്ച്ചയാണ് ശശി തരൂരില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ടോളൂ എന്ന് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും തരൂരിനോട് പറഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പാര്‍ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. ഡിക്ക് എങ്ങനെയാണ് ഉണ്ടായത്? അന്നും പലരും വിമര്‍ശിച്ചു. ഡിക്ക് രൂപീകരിക്കുകയും അവര്‍ അവരുടെ വഴിക്ക് പോവുകയും ചെയ്തു. എന്നാല്‍ അവരുടെ കാര്യങ്ങള്‍ അവര്‍ സാധിച്ചെടുത്തില്ല എന്ന് പറയാന്‍ കഴിയുമോ? ശശി തരൂര്‍ കോണ്‍ഗ്രസ് വിടുന്നുണ്ടോ എന്നും അദ്ദേഹത്തോട് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും കോണ്‍ഗ്രസ് വിട്ടോളു എന്ന് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹത്തോടു തന്നെ ചോദിക്കണം'-സുരേഷ് ഗോപി പറഞ്ഞു.
ഭാരതാംബ വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. പല വലിയ പ്രശ്നങ്ങളില്‍ നിന്നും വഴിതിരിച്ച് വിടാനായാണ് ഇത്തരം പരാമര്‍ശങ്ങളുമായി ഓരോരുത്തര് വരുന്നതെന്നും കൊടി പിടിച്ച്, ഏതോ ഒരു സ്ത്രീ എന്നൊക്കെ അവര്‍ പറയും. ജനങ്ങള്‍ അവരുടെ പിറകെ പോവുകയും ചെയ്യും. ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച പ്രശ്നങ്ങള്‍ മറവിയിലേക്ക് ആഴ്ത്തിക്കളയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാരതാംബ വിഷയത്തിന് വര്‍ഗീയ നിറം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അവര്‍ ശ്രമിച്ചോട്ടെ ജനങ്ങള്‍ക്കറിയാം. ഭാരതാംബയെന്നാല്‍ ഭൂമിദേവിയാണ്. അതിനെ പൂജിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Content Highlights: Shashi tharoor supports nationalism, thats a necessary change says suresh gopi