'അശോക സ്തംഭത്തെ അപമാനിച്ചു'; എന്‍വി ബാലകൃഷ്ണനെതിരെ കേസ്

ഫെബ്രുവരി 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കത്തെ തുടർന്നാണ് നടപടി

കോഴിക്കോട്: അശോക സ്തംഭത്തെ അപമാനിച്ചെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ എന്‍വി ബാലകൃഷ്ണനെതിരെ കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് സ്വമേധയാ കേസെടുത്തത്. അശോക സ്തംഭത്തെ അപമാനിച്ചെന്നും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് കേസ്.

ഫെബ്രുവരി 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കത്തെ തുടർന്നാണ് നടപടി. മാര്‍ച്ച് 21 നാണ് കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ഇന്ന് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് കൈമാറുകയുമായിരുന്നു.

സിപിഐഎം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന എന്‍ വി ബാലകൃഷ്ണനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ 2014 ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല.

കേസിനാസ്പദമായ ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം

ഫാസിസത്തിന് പുതിയ നിര്‍വചനങ്ങള്‍ ചമച്ച് മോദിയുടെ കരങ്ങളിലെ രക്തക്കറ കഴുകിക്കളയാന്‍ പാടുപെടുന്ന പ്രകാശ് കാരാട്ടിനോടും പിണറായി വിജയനോടുമാണ്. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ മോദി ഞങ്ങള്‍ക്ക് ഫാസിസ്റ്റാണ്. ബില്‍ക്കീസ് ബാനു കേസ്സിലെ പ്രതികളെ തുറന്നുവിട്ട നരേന്ദ്ര മോദി ഞങ്ങള്‍ക്ക് ഫാസിസ്റ്റാണ്.. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സ്വത്തുവകകള്‍ ബുള്‍ഡോസര്‍ ചെയ്യുന്ന നരേന്ദ്ര മോദി ഞങ്ങള്‍ക്ക് ഫാസിസ്റ്റ് തന്നെയാണ്…

തെരഞെടുപ്പു കമ്മീഷന്‍, കോടതികള്‍ മറ്റു ഭരണഘടനാസ്ഥാപനങ്ങള്‍ ഇഡി തുടങ്ങി എല്ലാറ്റിനേയും തകര്‍ക്കുന്ന മോദി ഞങ്ങള്‍ക്ക് ഫാസിസ്റ്റ് തന്നെയാണ്…സ്റ്റാന്‍സ്വാമി ഉള്‍പ്പെടെ തടവറകളില്‍ കൊലപ്പെടുത്തിയ, ആയിരങ്ങളെ യു എ പി എ ചുമത്തി വര്‍ഷങ്ങളായി ജയിലിലടച്ച നരേന്ദ്ര മോദി ഞങ്ങള്‍ക്ക് ഫാസിസ്റ്റ് തന്നെയാണ്… പൗരത്വ ഭേദഗതി,ഏക സിവില്‍കോഡ്, തുടങ്ങി ന്യൂനപക്ഷ അവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന മോദി ഞങ്ങള്‍ക്ക് ഫാസിസ്റ്റ് തന്നെയാണ്……

ക്ലാസിക്കല്‍ ഫാസിസവും നിയോഫാസിസവും മണ്ണാങ്കട്ടയുമൊന്നുമല്ല ഞങ്ങളുടെ പ്രശ്‌നം.ആരെയൊക്കെയോ രക്ഷപ്പെടുത്തിയെടുക്കാന്‍ പിണറായി വിജയനും പ്രകാശ് കാരാട്ടും നടത്തുന്ന മോദി സേവ തന്നെയാണ്.ഒന്നോര്‍ക്കുക സീതാറാം യെച്ചൂരിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഒന്നുമാത്രം മതി സഖാക്കള്‍ക്ക്, ഒറ്റുകാരെ തുറന്നു കാട്ടാന്‍.ജനാധിപത്യവേദി

Content Highlights: Koyilandi Police Register Case Against N V Balakrishnan

To advertise here,contact us