വിവാഹത്തട്ടിപ്പ്; ബിഹാറിൽ അധ്യാപിക, സംസ്കൃത സർവകലാശാലയിൽ നിന്ന് എംഎ; രേഷ്മയുടെ ലക്ഷ്യം പണമല്ലെന്ന് പൊലീസ്

നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരിൽ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്

icon
dot image

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പൊലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരിൽ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. പലരും വിവാഹത്തിന് താലി മാത്രമാണ് കെട്ടിയത്. സ്വർണമാല ഉണ്ടായിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വിവാഹം കഴിച്ചവരിൽ നിന്ന്‌ വാങ്ങിയത്. കൃത്യമായ സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു.

2014-ൽ പ്രണയിച്ചാണ് ആദ്യ വിവാഹം കഴിച്ചത്. എന്നാൽ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടർന്നു. 2022-ൽ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ൽ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സർവകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്‌കാലിക ജോലിക്ക് വരുന്നതിനിടയിൽ ട്രെയിനിൽവെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് 2023-ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇവർ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് ഒരാൺകുഞ്ഞുള്ളത്.

പിന്നീട് ബിഹാറിൽ അധ്യാപികയായി ജോലി നോക്കി. 2024-ൽ കേരളത്തിൽ രേഷ്മ തിരിച്ചെത്തി. ശേഷമാണ് രണ്ടുപേരെ വിവാഹം കഴിച്ചത്. പിന്നീട് മൂന്നുപേരുമായി വിവാഹം നിശ്ചയിച്ചു. യുഎസിൽ നഴ്‌സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-ന് വിവാഹം കഴിച്ചു. മാർച്ച് ഒന്നിന് വാളകം സ്വദേശിയെ വിവാഹം കഴിച്ചു. ശേഷം കോട്ടയം സ്വദേശിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്നാണ് ആര്യനാട്ടുള്ള പഞ്ചായത്തംഗവും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചത്. ഇവരെയെല്ലാം രേഷ്മ പരിചയപ്പെട്ടത് മാട്രിമോണിയൽ വൈബ്‌സൈറ്റ്‌ വഴിയാണ്.

വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മ പുലർത്തിയിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ തിരിച്ച് വിദേശത്തേക്കു പോയി. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദം. കോട്ടയം സ്വദേശിയാണ് രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത്. ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവർ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അമ്പലം അടച്ചതിനാൽ നടന്നില്ല. ആര്യനാട്ടെ കല്യാണത്തിനായി രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.

വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മ നൽകിയിരുന്ന മൊഴി. പൊലീസ് ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇതു സത്യമാണെന്നാണ് തെളിയുന്നത്.

തന്നെ ജയിലിൽ അടയ്ക്കണമെന്നും പുറത്തിറങ്ങിയാൽ തട്ടിപ്പ് ആവർത്തിക്കുമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. സ്നേഹം ലഭിക്കാനാണ് കൂടുതൽ പേരെ വിവാഹം ചെയ്തതെന്നും മൊഴിയിലുണ്ടായിരുന്നു. കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് ന്യായം എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. സംസ്കൃത സർവകലാശാലയിൽനിന്ന് 2017-19 കാലഘട്ടത്തിൽ ബിരുദാനന്തര ബിരുദം നേടിയതായും പറയുന്നു.

ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്.

ആര്യനാടുള്ള ബന്ധുവീട്ടിൽ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിൻ്റെ തിരുവനന്തപുരം യാത്ര. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന മുൻ വിവാഹങ്ങളുടെ രേഖകളാണ് രേഷ്മയെ കുടുക്കിയത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്തിരുന്നു. മെയ് 29-നാണ് ഇതിൽ നിന്നും ആദ്യം ഫോൺ കോൾ വന്നത്. യുവതിയുടെ അമ്മയാണെന്ന് ഒരു സ്ത്രീ സ്വയം പരിചയപ്പെടുത്തി. ജൂലൈ അഞ്ചിന് മകൾ യൂണിവേഴ്സിറ്റിയിൽ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. തുട‍ർന്ന് ഇവിടെ വെച്ച് ഇരുവരും കണ്ടു. താൻ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താൽപര്യക്കുറവുണ്ടെന്നും രേഷ്മ യുവാവിനെ അറിയിച്ചു. അതോടെ രേഷ്മയെ വിവാഹം കഴിക്കാൻ തയാറാണെന്ന് യുവാവ് ഉറപ്പ് നൽകുകയായിരുന്നു.

പിന്നീട് വിവാഹത്തിന്റെ ഒരുക്കങ്ങളായി. വെള്ളിയാഴ്ചയാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കലിലുള്ള ഒരു വാർഡ് മെമ്പറുടെ വീട്ടിൽ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാർലറിൽ പോകണമെന്ന് പറഞ്ഞ് രേഷ്മ ഇറങ്ങി. വാർഡ് മെമ്പറുടെ ഭാര്യ കുളിമുറിയിൽ കയറിയപ്പോൾ രേഷ്മ കുളിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. തുടർന്ന് യുവതിക്ക് സംശയം തോന്നിയതോടെ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അങ്ങനെയാണ് മുൻ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.

45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിലുണ്ടായിരുന്നു. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സി ഐ അജീഷ്, എസ് ഐ വേണു എന്നിവരും വനിതാ പൊലീസ് ഉദ്യേഗസ്ഥരും ചേർന്ന് വിവാഹ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാൻ നിന്ന രേഷ്മയെ നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ മറ്റ് വിവാഹങ്ങൾ കഴിച്ചിരുന്നത്.

Content Highlights: Police say Reshma accused in marriage fraud case was not for money

To advertise here,contact us
To advertise here,contact us
To advertise here,contact us