'അദാനിയെ എതിര്‍ത്തവരാണ് വിഴിഞ്ഞത്ത് പങ്കുകച്ചവടക്കാരായത്,കിട്ടേണ്ടത് കിട്ടിയപ്പോള്‍ ബൂര്‍ഷ്വ പങ്കാളിയായി'

'കേരളം ആരുടെയും പിതൃസ്വത്തല്ലെന്ന് മന്ത്രി മനസിലാക്കണം. രാജീവ് പറയുന്നത് കേട്ടാല്‍ തോന്നും കേരളം അവരുടെ സ്വത്താണ് എന്ന്. കേരളത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മനസമാധാനമില്ല'- സാബു ജേക്കബ് പറഞ്ഞു.

കൊച്ചി: വ്യവസായ മന്ത്രി പി രാജീവിന് മറുപടിയുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കേരളാ സര്‍ക്കാരും ഉദ്യോഗസ്ഥരും എല്ലാവരും ഒന്നിച്ചുനിന്ന് കിറ്റക്‌സിനെ ആക്രമിക്കുകയായിരുന്നു എന്ന് സാബു ജേക്കബ് പറഞ്ഞു. കേരളം ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണെന്നും അത് ആരുടെയും പിതൃസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. സഹികെട്ടാണ് 3500 കോടി കേരളത്തില്‍ നിന്ന് മാറി മറ്റെവിടെയെങ്കിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചതെന്നും സാബു ജേക്കബ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കിറ്റക്‌സ് 1,000 രൂപയല്ല ശമ്പളം കൊടുക്കുന്നത്. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കാണ് കിറ്റക്‌സ് ജോലി നല്‍കുന്നത്. കുത്തക മുതലാളിമാരെയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത് എന്നാണ് മന്ത്രി പറയുന്നത്. ഒരു ചെറിയ നിയമലംഘനം പോലും ഈ പ്രസ്ഥാനത്തിന്റെ പേരില്‍ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. കേരളം ആരുടെയും പിതൃസ്വത്തല്ലെന്ന് മന്ത്രി മനസിലാക്കണം. രാജീവ് പറയുന്നത് കേട്ടാല്‍ തോന്നും കേരളം അവരുടെ സ്വത്താണ് എന്ന്. കേരളത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മനസമാധാനമില്ല'- സാബു ജേക്കബ് പറഞ്ഞു.

അദാനിയെ എതിര്‍ത്തവരാണ് വിഴിഞ്ഞത്ത് പങ്കുകച്ചവടക്കാരായതെന്നും കിട്ടേണ്ടത് കിട്ടിയപ്പോള്‍ ബൂര്‍ഷ്വ പങ്കാളിയായെന്നും സാബു ജേക്കബ് പരിഹസിച്ചു. മനസമാധാനം കിട്ടാന്‍ അവനവന്‍ തന്നെ വിചാരിക്കണമെന്നാണ് മന്ത്രി രാജീവ് പറഞ്ഞത്. അതിനര്‍ത്ഥം കാണേണ്ടവരെ കാണേണ്ട രീതിയില്‍ കണ്ടുകൊണ്ടേയിരിക്കണം എന്നായിരിക്കും. അങ്ങനെ ചെയ്താല്‍ എനിക്ക് മനസമാധാനം ഉറപ്പാണ്. അതെനിക്കറിയാം. എന്നാല്‍ അങ്ങനെ ഒരു സമാധാനം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ആരുടെയും പണവും ഔദാര്യവും എനിക്കാവശ്യമില്ല. രാജീവിന്റെയോ എല്‍ഡിഎഫിന്റെയോ പിണറായിയുടെയോ സ്വത്തല്ല, ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്. അത് എപ്പോള്‍ നിര്‍ത്തണം, എപ്പോള്‍ പോകണം എന്ന് ഞാന്‍ തീരുമാനിക്കും'- സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

കേരളം വ്യവസായത്തിന് പറ്റിയ മണ്ണല്ലെന്ന് കഴിഞ്ഞ ദിവസം സാബു ജേക്കബ് പറഞ്ഞിരുന്നു. അതൊരു രാഷ്ട്രീയപാര്‍ട്ടി നേതാവിന്റെ പ്രതികരണം മാത്രമാണ് എന്നായിരുന്നു പി രാജീവിന്റെ പ്രതികരണം. കിറ്റക്‌സ് ഇത്രയും വളര്‍ന്നത് കേരളത്തിന്റെ മണ്ണിലാണെന്നും കേരളം വിടുന്നു എന്ന് പറഞ്ഞവര്‍ ഇതുവരെ കേരളത്തിലല്ലാതെ മറ്റെവിടെയും വ്യവസായം തുടങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights: Kitex MD Sabu Jacob against minister p rajeev remark

To advertise here,contact us