'കേരള വികസനത്തിൻ്റെ കാലനാകാൻ കെ സി വേണുഗോപാൽ ശ്രമിച്ചാൽ, കേരള ജനത കാലാന്തകരാകും' ; വി കെ സനോജ്

മുന്‍പ് മന്ത്രി മുഹമ്മദ് റിയാസ് കെ സി വേണുഗോപാലിനെ വികസനത്തിൻ്റെ കാലന്‍ എന്ന് വിളിച്ച് വിമര്‍ശിച്ചിരുന്നു

തിരുവനന്തപുരം: കേരള വികസനത്തിൻ്റെ കാലനാകാന്‍ കെ സി വേണുഗോപാല്‍ ശ്രമിച്ചാല്‍ കേരള ജനത കാലാന്തകരാകുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുന്‍പ് മന്ത്രി മുഹമ്മദ് റിയാസ് കെ സി വേണുഗോപാലിനെ വികസനത്തിൻ്റെ കാലന്‍ എന്ന് വിളിച്ച് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെയും വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് കെ സി വേണുഗോപാലിനെതിരെ നിലപാട് കടുപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാൽ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 2011- 2016 കാലത്ത് യുഡിഎഫ് സർക്കാരിൻ്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ പദ്ധതി ആണ് ഇതെന്നും അതിനാൽ ഇനി ഈ പദ്ധതി ആരും പൂർത്തികരിക്കേണ്ട എന്ന നിലപാടാണ് കെ സി വേണുഗോപാലിനുള്ളതെന്നും മുഹമ്മദ് റിയാസ് റിപ്പോർട്ടറിനോട് പറഞ്ഞു

ദേശീപാത നിർമ്മാണത്തിൽ സർക്കാരിനെ അടിക്കാൻ ഒരു വടി കിട്ടിയെന്ന രൂപത്തിലുള്ള ആഹ്ളാദ നൃത്തമാടുകയാണ് ഇപ്പോൾ യുഡിഎഫ് എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ദേശീയപാത നിർമ്മാണം തടസപ്പെടുത്താൻ ശ്രമിക്കുന്നത് കെ സി വേണുഗോപാൽ ആണെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാൽ ഇപ്പോൾ നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് കൂട്ടിചേർത്തു. ഇനി എന്തൊക്കെ ചെയ്താലും നിർമാണം സമയബന്ധിതമായി തന്നെ പൂർത്തീകരിക്കും എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമ‍ർശം എന്ന ആരോപണം ഉന്നയിച്ച് യുഡിഎഫ് രാഷ്ട്രീയത്തിൽ മതവർഗീയത കുത്തിവെക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം പരാമർശങ്ങളൊന്നും എം സ്വരാജിന്റെ വിജയത്തെ ബാധിക്കില്ലെന്നും ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിചേർത്തു.

Content Highlights- V K Sanoj Aganist KC Venugopal

To advertise here,contact us