മലപ്പുറം: നിലമ്പൂർ നഗരസഭ കൗൺസിലറും ജെഡിഎസ് ദേശീയ കൗൺസിൽ അംഗവുമായ ഇസ്മയിൽ എരഞ്ഞിക്കൽ തൃണമൂൽ കോൺഗ്രസിൽ ചേരും. ഇന്ന് കാലത്ത് 10 മണിക്കാണ് അംഗത്വം സ്വീകരികുക. ജെഡിഎസിലെ ഒരു വിഭാഗം ഭാരവാഹികളും ടിഎംസി അംഗത്വം സ്വീകരിക്കും.
ആദ്യഘട്ടമായി നിലമ്പൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും ഇന്ന് തൃണമൂലിൽ അംഗത്വം എടുക്കും. ജെഡിഎസിൻ്റെ 500ഓളം പ്രവർത്തകർ തൃണമൂലിൽ ചേരുമെന്നാണ് ഇസ്മയിൽ റിപ്പോർട്ടറിനോട് പറഞ്ഞത്. പിവി അൻവർ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയായാണ് തൃണമൂലിൽ ചേരുന്നത് എന്നും ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പവും സംസ്ഥാന നേതൃത്വം സിപിഐഎമ്മിനും ഒപ്പമാണെന്നും ഇസ്മയിൽ എരഞ്ഞിക്കൽ പറഞ്ഞു.
അൻവർ നേരത്തെ പറഞ്ഞ പല കാര്യങ്ങളും താൻ മുന്നേ ഉന്നയിച്ചതാണ്. മലപ്പുറം ജില്ലയെ തീവ്രവാദ ജില്ലയാക്കാനായിരുന്നു എസ്പി സുജിത് ദാസിന്റെ ശ്രമം. അൻവർ ഉയർത്തുന്ന മുദ്രാവാക്യത്തിനൊപ്പം താനും തന്റെയൊപ്പമുള്ള പ്രവർത്തകരും ഉണ്ടാകും. ഇന്നുതന്നെ അംഗത്വം സ്വീകരിച്ച് അൻവറിന് വേണ്ടി പ്രവർത്തനം നടത്തുമെന്നും ഇസ്മയിൽ എരഞ്ഞിക്കൽ കൂട്ടിച്ചേർത്തു.
Content Highlights: Nilambur JDS members to join trinamool congress today