'കോൺഗ്രസിലെ തർക്കങ്ങളെ സമന്വയത്തിലൂടെ പരിഹരിച്ച നേതാവ്, സൗമ്യമുഖം'; തെന്നലയെ അനുസ്മരിച്ച് കോൺഗ്രസ് നേതാക്കൾ

തെന്നലയുടെ വിയോഗം പാര്‍ട്ടിക്ക് തീരാനഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗത്തില്‍ അനുശേചനം അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. തെന്നല ബാലകൃഷ്ണ പിള്ള പ്രഗല്‍ഭനായ നേതാവാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെന്നലയുടെ വിയോഗം പാര്‍ട്ടിക്ക് തീരാനഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ സൗമ്യ നേതൃത്വമാണ് തെന്നല ബാലകൃഷ്ണപ്പിള്ള. അദ്ദേഹം ശാന്തതയുടെയും നന്മയുടെയും പ്രതീകമാണ്. അദ്ദേഹത്തിന്റെ സേവനം എന്നും കോണ്‍ഗ്രസ് നന്ദിയോടെ ഓര്‍മിക്കുമെന്നും അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗം കോണ്‍ഗ്രസിന്റെ വലിയ നഷ്ടമാണെന്ന് മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. കൊല്ലം ഡിസിസിയിലെ ട്രഷറര്‍ ആയിട്ടാണ് തുടക്കം. കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവാണ് അദ്ദേഹമെന്നും അധികാര സ്ഥാനത്തേക്കാള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച നേതാവാണെന്നും ഹസ്സന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെ സമന്വയത്തിലൂടെ പരിഹരിച്ച നേതാവാണ് തെന്നല. ഒരുപക്ഷത്തെയും പിന്തുണയ്ക്കാതെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. എ കെ ആന്റണിയുടെയും കെ കരുണാകരന്റെയും സ്‌നേഹം ഒരേസമയം നേടിയെടുക്കാന്‍ കഴിഞ്ഞ നേതാവാണ് തെന്നലയെന്നും എം എം ഹസന്‍ പറഞ്ഞു.

'2001ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയത്. എ കെ ആന്റണി മുഖ്യമന്ത്രി ആയ സമയം. അദ്ദേഹത്തിന് അന്ന് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. കെ കരുണാകരന്‍ മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയാകുമെന്ന് മാധ്യമങ്ങള്‍ എഴുതി. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മന്ത്രി അല്ലാതെയായി. അന്നും അദ്ദേഹത്തിന് ഒരു പരിഭവവും ഇല്ലായിരുന്നു. അധികാരത്തിന്റെ പിന്നാലെ പോകാതിരിക്കുകയും അധികാരം നഷ്ടപ്പെടുമ്പോള്‍ ശോഭിക്കാതിരിക്കുകയും ചെയ്ത നേതാവ്. അദ്ദേഹത്തിന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്', ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ സൗമ്യ മുഖമാണ് തെന്നലയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് മുഴുവന്‍ സ്വീകാരനായ വ്യക്തി ആയിരുന്നു. സത്യസന്ധനായ രാഷ്ട്രീയ നേതാവായി അദ്ദേഹത്തെ വിലയിരുത്തണം. കത്തിച്ചുവച്ച നിലവിളക്കിന്റെ പ്രശോഭ അദ്ദേഹത്തെ കാണുമ്പോള്‍ തോന്നും. എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടിക്കും വ്യക്തിപരമായും പിന്തുണ നല്‍കിയെന്നും അധികാരത്തിന്റെ പിന്നാലെ ഒരിക്കലും പോയിട്ടില്ലാത്ത നേതാവാണ് അദ്ദേഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിടവാങ്ങിയത് ഗുരുനാഥനായിരുന്ന ആളാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. അദ്ദേഹത്തിന്റെ സൗമ്യമായ മുഖമാണ് എപ്പോഴും മനസ്സില്‍ വരുന്നത്. പാര്‍ട്ടിയെ ശക്തമാക്കുവാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തികള്‍ സ്മരിക്കുന്നുവെന്ന് അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. അടുത്ത സുഹൃത്തായിരുന്നു തെന്നല ബാലകൃഷ്ണനെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗമ്യനായ നേതാവായിരുന്നു തെന്നല ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനും യുഡിഎഫിനും കേരളത്തിനും വലിയ നഷ്ടമാണ്. ആശയക്കുഴപ്പങ്ങളും പ്രശ്‌നങ്ങളും മുന്നണിയില്‍ ഉണ്ടാകുമ്പോള്‍ ആശ്രയിച്ചിരുന്നത് അദ്ദേഹത്തെ ആയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Content Highlights: Congress leader condolences Thennala Balakrishnappilla

To advertise here,contact us