'പാർട്ടി പറഞ്ഞപ്പോൾ രാജിവെച്ച മഹാനായ നേതാവ്, അങ്ങനെ എത്ര നേതാവുണ്ട് ഇപ്പോൾ'; തെന്നലയെ അനുസ്മരിച്ച് എ കെ ആൻ്റണി

താനും കരുണാകരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പാലമായി പ്രവര്‍ത്തിച്ചത് തെന്നലയായിരുന്നുവെന്നും എ കെ ആന്റണി

തിരുവനന്തപുരം: മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തെന്നല ബാലകൃഷ്ണപ്പിള്ള ജ്യേഷ്ഠ സഹോദരനെ പോലെയാണെന്ന് എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ സര്‍വാദരണീയനായ നേതാവാണ് തെന്നലയെന്നും അദ്ദേഹം പറഞ്ഞു.

'കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടായപ്പോഴൊക്കെ തെന്നലയുടെ വാക്കായിരുന്നു അവസാനത്തേത്. തര്‍ക്കങ്ങള്‍ പരിശോധിച്ച് തീരുമാനം ഉണ്ടാക്കാന്‍ തെന്നലയ്ക്ക് കഴിഞ്ഞു. കോണ്‍ഗ്രസിലെ അവസാന വാക്കായിരുന്നു തെന്നല. എല്ലാവര്‍ക്കും സ്വീകാര്യനായ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന് മാത്രമല്ല അദ്ദേഹം സ്വീകാര്യനായിരുന്നത്', ആന്റണി പറഞ്ഞു.

തര്‍ക്കത്തിലെ എല്ലാ വശങ്ങളും തെന്നല പരിശോധിക്കുമെന്നും നീതിമാനായ നേതാവായിരുന്നു അദ്ദേഹമെന്നും ആന്റണി പറഞ്ഞു. തെന്നലയുടെ കാലത്ത് ഒരു ഗ്രൂപ്പ് തര്‍ക്കം പോലും ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടി പറഞ്ഞപ്പോള്‍ രാജിവെച്ച മഹാനായ നേതാവായിരുന്നു അദ്ദേഹമെന്നും ആന്റണി പറഞ്ഞു. അങ്ങനെ എത്ര നേതാവുണ്ട് ഇപ്പോഴെന്നും ആന്റണി ചോദിച്ചു.

' തെന്നല സൗമ്യനും ശാന്തനും ആയിരുന്നു. ഞാനും കരുണാകരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പാലമായി പ്രവര്‍ത്തിച്ചത് തെന്നലയായിരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു. ഇത്രയും ത്യാഗിയായ നിസ്വാര്‍ത്ഥനായ ഒരു നേതാവിനെ ഈ കാലത്ത് കാണാന്‍ പ്രയാസമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എക്കാലവും മാതൃകയാണ് തെന്നല ബാലകൃഷ്ണന്‍', ആന്റണി പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു.

Content Highlights: A K Antony condolences Thennala Balakrishnappillai

To advertise here,contact us