കൃഷ്ണരാജിൻ്റെ നിയമനം; പഞ്ചായത്ത് അറിയാതെയെന്ന ലീഗ് വാദം തെറ്റ്, തീരുമാനത്തിൻ്റെ മിനുട്സ് റിപ്പോർട്ടറിന്

പഞ്ചായത്താണ് സ്റ്റാൻഡിംഗ് കോൺസലായി സംഘപരിവാർ അഭിഭാഷകനെ നിയമിക്കാൻ തീരുമാനിച്ചത്

മലപ്പുറം: പഞ്ചായത്ത് ഭരണസമിതി അറിയാതെയാണ് തീവ്ര ഹിന്ദുത്വവാദി അഡ്വ. കൃഷ്ണരാജിനെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലാക്കി നിയമിച്ചതെന്ന ലീഗ് വാദം തെറ്റ്. സ്റ്റാൻഡിംഗ് കോൺസലായി സംഘപരിവാർ അഭിഭാഷകനെ നിയമിക്കാൻ തീരുമാനിച്ചത് പഞ്ചായത്ത് ഭരണസമിതിയാണെന്നതിൻ്റെ തെളിവ് റിപ്പോർട്ടറിന് ലഭിച്ചു. വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്തതിൻ്റെ മിനുട്സാണ് റിപ്പോർട്ടറിന് ലഭിച്ചത്.

തീരുമാനം നടപ്പിലാക്കാൻ പഞ്ചായത്ത് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയ കാര്യം മിനുട്സിലുണ്ട്. 31/12/2024 ൽ കൂടിയ ഭരണസമിതി യോഗത്തിലായിരുന്നു തീരുമാനം. ഒരു കേസിന് 50000 രൂപയാണ് ഫീസായി നൽകുന്നത്. സിപിഐഎം നേതാവ് ഷെറോണ റോയിയുടെ ഭർത്താവ് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച സമയത്ത് നടത്തിയ നിയമനമാണ് കൃഷ്ണരാജിന്റേത് എന്നായിരുന്നു ലീഗ് വാദം. ഇതിലാണിപ്പോൾ വ്യക്തത വന്നിരിക്കുന്നത്.

കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ബിഡിഒയുടെ ഗൂഢതാൽപര്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനൽ സെക്രട്ടറി പി കെ ഫിറോസ് ഉൾപ്പെടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നിലമ്പൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തിലാണ് വഴിക്കടവ്. കൃഷ്ണരാജിന്റെ നിയമനം സംബന്ധിച്ച രേഖകൾ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. പിന്നാലെ നിരവധിപ്പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. വാ തുറന്നാല്‍ വര്‍ഗീയ വിഷം ചീറ്റുന്ന കൃഷ്ണരാജിനെ നിയമിച്ചത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ലെന്ന് മുൻ മന്ത്രി കെ ടി ജലീൽ വിമര്‍ശിച്ചിരുന്നു.

വാ തുറന്നാൽ വർഗീയതയും മനുഷത്വവിരുദ്ധതയും മാത്രം പുറന്തള്ളുന്ന ഈ നീചജന്മത്തെ ശിരസ്സിൽ ചുമക്കാൻ ചില്ലറ തൊലിക്കട്ടി പോരാ ലീഗിനും കോൺഗ്രസ്സിനും എന്നായിരുന്നു എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഫേസ്ബുക്കിൽ കുറിച്ചത്. ഈ സംഘി വക്കീൽ തന്നെയാവും നിലമ്പൂരിൽ യുഡിഎഫിനും ബിജെപിക്കും ഇടയിലെ പാലമെന്നും ആർഷോ വിമർശിച്ചു.

സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും തീവ്രവർഗീയ നിലപാട് സ്വീകരിക്കുന്നയാളാണ് കൃഷ്ണരാജ്. വഖഫ് ഭേദ​ഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ്‌ നൽകിയ ഹർജിയ്ക്കെതിരെ നൽകിയ തടസ്സ ഹ‍ർജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.

Content Highlights: League's claim about Adv. Krishnaraj's appointed is false

To advertise here,contact us