ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്; മുംബൈയിലെ സ്ഥാപനത്തില്‍ പരിശോധന, ഷെല്‍ കമ്പനിയെന്ന് സ്ഥിരീകരണം

മൂന്നുദിവസത്തോളം വിജിലന്‍സ് മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന. താനയിലെ ബോറാ കമോഡിറ്റീസ് എന്ന ഒറ്റമുറി സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഈ സ്ഥാപനം പൂട്ടിയ നിലയില്‍ ആണുള്ളത്. ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മൂന്നുദിവസത്തോളം വിജിലന്‍സ് മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് സംഘം അന്വേഷണത്തിനായി മുംബൈയില്‍ എത്തിയത്. ബോറ കമോഡിറ്റീസ് എന്ന ബോര്‍ഡ് മാത്രമാണ് സ്ഥാപനത്തിനുമുന്നിലുണ്ടായിരുന്നത്. മുംബൈ സ്വദേശികളായിരുന്ന രണ്ട് പേരാണ് സ്ഥാപനത്തിന്റെ ഉടമകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതില്‍ ഒരാള്‍ ഡ്രൈവറാണ്. എന്നാല്‍ സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്. കൈക്കൂലിയായി ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനിയായണ് ബോറാ കമോഡിറ്റീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

അതേസമയം കേസില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്. കൈക്കൂലി വാങ്ങുന്നതിനായി ഇടനില നിന്ന രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Content Highlights: ED bribery Case shell company in Mumbai vigilance enquiry

To advertise here,contact us