അബ്ബാസ് അലി തങ്ങൾ നാളെ യുഡിഎഫ് പരിപാടിയിൽ പങ്കെടുക്കും; തീരുമാനം വിവാദങ്ങൾക്ക് പിന്നാലെ

പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാത്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സമീപകാല ചരിത്രത്തിലാദ്യമാണ്

മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി തങ്ങള്‍ നാളെ യുഡിഎഫ് നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കും. അബ്ബാസ് അലി തങ്ങള്‍ പോത്തുകല്ലിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇന്ന് നിലമ്പൂരില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. പാണക്കാട് കുടുംബത്തിന്റെ വിട്ട് നില്‍ക്കല്‍ വിവാദമായതിന് പിന്നാലെയാണ് അബ്ബാസ് അലി തങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാത്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സമീപകാല ചരിത്രത്തിലാദ്യമാണ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പകരം പങ്കെടുക്കേണ്ട, അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. എന്നാല്‍ ജില്ലയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുത്തിരുന്നു.

പാണക്കാട് കുടുംബത്തെ പോലെ തന്നെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്തതും ചര്‍ച്ചയായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നത്. വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ ജൂണ്‍ ആറാം തീയതി മുതലേ മണ്ഡലത്തില്‍ ഉണ്ടാവുകയുള്ളു എന്ന് കെ മുരളീധരന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

അതേസമയം കെ സുധാകരനും രമേശ് ചെന്നിത്തലയും അസൗകര്യം അറിയിച്ചതായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി. ഇരുവരുമായി സംസാരിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ അടക്കമുള്ളവരാണ് കണ്‍വെന്‍ഷന്‍ പരിപാടിയില്‍ നിറഞ്ഞുനിന്നത്.

Content Highlights: Panakkad Abbas Ali Thangal will participate UDF programmes in Nilambur By Election

To advertise here,contact us