മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനം; സ്വരാജിനെ പിന്തുണച്ച് കെ ആര്‍ മീര

പരിഹാസം, വെല്ലുവിളി, ആക്ഷേപം, ഭീഷണി എന്നിവയ്‌ക്കൊന്നും രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്നായിരുന്നു സ്വരാജ് ഇന്ന് പ്രതികരിച്ചത്

കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരി കെ ആര്‍ മീര. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനമെന്ന് കെ ആര്‍ മീര പ്രതികരിച്ചു. അവഹേളനവും സ്വാഭാവഹത്യയുമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്ന മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം സ്വരാജിനു നന്ദിയെന്നും കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു.

അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവര്‍ത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം

(കെ ആര്‍ മീര)

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്ത ഘട്ടത്തില്‍ എല്‍ഡിഎഫിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 'പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു, ചിഹ്നം പ്രശ്നമല്ല' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒഎല്‍എക്സിന്റെ ലോഗോയും പോസ്റ്റിനൊപ്പം രാഹുല്‍ പങ്കുവെച്ചിരുന്നു. മണ്ഡലത്തില്‍ സ്വരാജിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും സിപിഐഎമ്മിനെ വെല്ലുവിളിച്ചിരുന്നു.

ഇതില്‍ പരിഹാസം, വെല്ലുവിളി, ആക്ഷേപം, ഭീഷണി എന്നിവയ്‌ക്കൊന്നും രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്നായിരുന്നു സ്വരാജ് ഇന്ന് പ്രതികരിച്ചത്.

'രാഷ്ട്രീയത്തില്‍ മര്യാദ പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മൾ. പരിഹാസം, വെല്ലുവിളി, ആക്ഷേപം, ഭീഷണി എന്നിവയ്‌ക്കൊന്നും രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല. ആശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണിത്. ആ നിലവാരത്തിലേക്ക് നമ്മള്‍ ഉയരണം. ഓരോരുത്തരുടേയും ശൈലികള്‍ അവരവര്‍ രൂപപ്പെടുത്തുന്നതാണ്. അത് ജനങ്ങള്‍ വിലയിരുത്തട്ടെ. ആരാണ് മത്സരിക്കേണ്ടതെന്ന് ആ മുന്നണിയാണ് തീരുമാനിക്കേണ്ടത്. അതിലൊന്നും മറ്റൊരാൾ അഭിപ്രായം പറയാറില്ല. അവര്‍ക്ക് കൂടി അംഗീകരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ് താന്‍', സ്വരാജ് പറഞ്ഞു.

Content Highlights: Nilambur By poll K R Meera Support M Swaraj

To advertise here,contact us