ഇ ഡി ഉദ്യോ​ഗസ്ഥർക്കെതിരായ വിജിലൻസ് കേസ്; പരാതിക്കാരനായ വ്യവസായിക്ക് ഇ ഡി സമൻസ്

ഈ മാസം 30ന് ഡല്‍ഹി ഓഫീസില്‍ ഹാജരാകണമെന്നാണ് സമന്‍സ്

കൊച്ചി: കേസ് ഒതുക്കി തീര്‍ക്കാന്‍ കശുവണ്ടി വ്യവസായിയില്‍ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ ഡി ഉദ്യോഗസ്ഥര്‍ പ്രതിയായ വിജിലന്‍സ് കേസിലെ പരാതിക്കാരന് വീണ്ടും ഇ ഡി നോട്ടീസ് അയച്ചു. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനാണ് ഇ ഡി സമന്‍സ് അയച്ചത്. ഈ മാസം 30ന് ഡല്‍ഹി ഓഫീസില്‍ ഹാജരാകണമെന്നാണ് സമന്‍സ്.

അനീഷ് ബാബു നല്‍കിയ പരാതിയിലാണ് ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് എടുത്തത്. അതേ സമയം വിജിലന്‍സ് കേസില്‍ മൂന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചി തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തത്. ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. കെക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയായിരുന്നു പ്രതികളായ വില്‍സന്‍ വര്‍ഗീസ്, മുരളി മുകേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.

ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ പങ്കിലേയ്ക്ക് അന്വേഷണമെത്തിയത്. അറസ്റ്റിലായ തമ്മനം വട്ടതുണ്ടിയില്‍ വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന്‍ തക്കത് ഖര്‍ സ്വദേശി മുകേഷ് കുമാര്‍ മൂന്നാം പ്രതിയുമാണ്. ഇടനിലക്കാരനെന്ന് കണ്ടെത്തിയ കൊച്ചി വാരിയം റോഡില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കേസിലെ നാലാം പ്രതിയുമാണ്.

content highlights: Vigilance case against ED officials; ED summons complainant industrialist

To advertise here,contact us